മതമല്ല മനുഷ്യത്വമാണ് പ്രധാനം: സുരേഷ് ഗോപി അംഗമായ സ്വകാര്യ ട്രസ്റ്റ് പരിപാലിക്കാതെ കൈയൊഴിഞ്ഞ 35 പശുക്കളെ നഗരസഭയ്ക്കു വേണ്ടി ഏറ്റെടുത്ത് അർഷാദ്

single-img
14 February 2020

നടനും രാജ്യസഭ എംപിയുമായ സുരേഷ്ഗോപി അംഗമായ സ്വകാര്യ ട്രസ്റ്റ് പരിപാലിക്കാതെ കെെയൊഴിഞ്ഞ 35 പശുക്കളെ ഏറ്റെടുത്ത് അർഷാദ്. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് പാൽ നൽകാനായി സ്വകാര്യ ട്രസ്റ്റ് ആരംഭിച്ച ഗോശാല പരിപാലിക്കാതെ കൈയൊഴിഞ്ഞ പശുക്കളെയാണ് നഗരസഭ ആര്യനാട്ടുള്ള സ്വകാര്യ ഫാമിലേക്ക് മാറ്റിയത്. പശുക്കളെ വിളപ്പിൽശാലയിലെ നഗരസഭാ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് താൽക്കാലികമായി സംരക്ഷിക്കാൻ തൻ്റെ ഫാം വിട്ടുനൽകാൻ സന്നദ്ധനായി അർഷാദ് രംഗത്തെത്തിയത്. 

 ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നഗരസഭ പശുക്കളെ ഏറ്റെടുത്ത് മാറ്റാൻ തീരുമാനിച്ചത്. കുതിരമാളികയ്ക്കു സമീപത്തുള്ള കൊട്ടാരം ട്രസ്റ്റിന്റെ സ്ഥലത്തായിരുന്നു ഗോശാല പ്രവർത്തിച്ചിരുന്നു. വെച്ചൂർ പശു, കാസർകോട്‌ കുള്ളൻ, ഗുജറാത്തിലെ ഗീർപശു, ഹോൾസ്റ്റേൻ എന്നീ ഇനങ്ങളിലെ പശുക്കളാണ് ഗോശാലയിലുണ്ടായിരുന്നത്. എന്നാൽ ഇത്രയധികം പശുക്കളെ വളർത്താനുള്ള സ്ഥലക്കുറവുകാരണം 30 പശുക്കളെ കോട്ടൂരിലെ ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്കു മാറ്റിയിരുന്നു. 

ട്രസ്റ്റിൻ്റെ മേൽനോട്ടത്തിലായിരുന്നുവെങ്കിലും ആഹാരമൊന്നും കിട്ടാതെ വളരെ ദയനീയമായ സ്ഥിതിയിലായിരുന്നു പശുക്കൾ. പശുക്കളുടെ ദയനീയസ്ഥിതി മുമ്പ് പലപ്രാവശ്യം വാർത്തയായിരുന്നു. പശുക്കളെ നായ്ക്കൾ ആക്രമിക്കുന്ന സ്ഥിതി എത്തിയപ്പോഴാണ് കോടതി വിഷയത്തിൽ ഇടപെട്ട് രംഗത്തെത്തിയത്. 

തുടർന്ന് പശുക്കളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ നഗരസഭയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു. വിളപ്പിൽശാലയിൽ നഗരസഭയുടെ പഴയ ചവർ ഫാക്ടറി പ്രവർത്തിച്ച ഭൂമിയിലേക്ക് പശുക്കളെ മാറ്റാനായിരുന്നു നഗരസഭയുടെ പദ്ധതി. എന്നാൽ, വാഹനങ്ങളിൽ 33 പശുക്കളെ ഇവിടെ എത്തിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പശുക്കളെ സംരക്ഷിക്കാനുള്ള സംവിധാനമില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ഇതോടെ നഗരസഭാ ആരോഗ്യവിഭാഗം അദ്ധ്യക്ഷൻ ബിനു ഐ.പിയും ഉദ്യോഗസ്ഥരും പ്രതിസന്ധിയിലായി. 

നഗരസഭയുടെ നേതൃത്വത്തിൽ പശുക്കളെ ഏറ്റെടുക്കണമെന്നഭ്യർത്ഥിച്ച് പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ആര്യനാട് പള്ളിവേട്ടയിലുള്ള അഷ്റഫ് പശുക്കളെ ഏറ്റെടുക്കാമെന്ന് അറിയിച്ച് രംഗത്തെത്തുകയായിരുന്നു. അഷ്റഫിൻ്റെ സ്വകാര്യ ഫാമിൽ മൃഗ ഡോക്ടറും നഗരസഭാ ജീവനക്കാരും പശുക്കളെ നിരീക്ഷിക്കും. സംരക്ഷണം താത്കാലികമായിരിക്കും. പിന്നീട് കൂടുതൽ സൗകര്യങ്ങളുള്ള ഫാമിലേക്ക് മാറ്റാനാണ് നഗരസഭ ഇപ്പോൾ തീരുമാനിച്ചരിക്കുന്നത്.