ഒമർ അബ്ദുള്ളയുടെ മോചനം; സഹോദരിയുടെ ഹർജിയിൽ കാശ്മീർ സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

single-img
14 February 2020

ജമ്മു കാശ്മീരിലെ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ കരുതൽ തടങ്കലില്‍ പാർപ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജിയില്‍ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. അതേസമയം ഹർജി മാർച്ച്‌ രണ്ടിനു പരിഗണിക്കാനായി മാറ്റി. തന്റെ സഹോദരൻ അനധികൃതമായി വീട്ടു തടങ്കലിൽ ആണെന്നും വേഗത്തിൽ കേസ് പരിഗണിക്കണം എന്നും സാറ ആവശ്യപ്പെട്ടു.

എന്നാൽ ഈ കേസ് എത്രയും വേഗം പരിഗണിക്കണമെന്ന സാറയുടെ വാദം കോടതി അംഗീകരിച്ചില്ല. ‘ഇത്രയും കാലം കാത്തിരിക്കാമെങ്കില്‍ ഒരു സഹോദരിക്ക് എന്തുകൊണ്ട് ഇനിയും ഒരുപതിനഞ്ചു ദിവസം കൂടി ക്ഷമിച്ചുകൂടാ’ എന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ചോദിച്ചു. കേന്ദ്ര സർക്കാർറെ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായാണ് ഒമർ അബ്ദുള്ളയെ തടവിലാക്കിയിരിക്കുന്നതെന്ന് സഹോദരി ആരോപിച്ചിരുന്നു.

സാറാ അബ്ദുള്ളയ്ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സുപ്രീം കോടതിയിൽ ഹാജരായത്. ജമ്മു കാശ്മീരിലെ പുനസംഘടനക്ക് ശേഷം കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതലാണ് ഒമർ അബ്ദുള്ള ഉൾപ്പെടെയുള്ള സംസ്ഥാനത്തെ നേതാക്കളെ സർക്കാർ തടവിലാക്കിയത്.