ഇത് തുടക്കം മാത്രം; പത്ത് വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇനി വരുന്നത്: പ്രധാനമന്ത്രി

single-img
14 February 2020

കേന്ദ്രത്തിലെ രണ്ടാം മോദി സര്‍ക്കാര്‍ നടത്തിയ പ്രാരംഭ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വെറുമൊരു തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശരിയായ കളി ഇനി കാണാന്‍ പോകുന്നതേയുള്ളൂ എന്നും അടുത്ത പത്ത് വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ ആക്ഷന്‍ പ്ലാന്‍ 2020’ എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരയിലാകെ മികച്ച പ്രകടനം പുറത്തെടുക്കുക, പുതുതായി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുക, അങ്ങിനെ അത് ഇന്ത്യയുടെ പരമ്പരയാക്കി മാറ്റുക എന്നിവയാണ് ലക്ഷ്യം. ഇനി അങ്ങോട്ട്‌ ഫ്രണ്ട് ഫൂട്ടില്‍ ഊന്നി കളിക്കാനാണ് ഇന്ത്യ ഇഷ്ടപ്പെടുന്നത്.

കേവലം 8 മാസം മാത്രം പ്രായമുള്ള സര്‍ക്കാര്‍ ഇതിനോടകം തന്നെ തീരുമാനങ്ങളില്‍ സെഞ്ച്വറി നേടിക്കഴിഞ്ഞു. എടുക്കുന്ന തീരുമാനങ്ങള്‍ അതിവേഗം നടപ്പിലാക്കിയാണ് രാജ്യം മുന്നോട്ട് പോകുന്നതെന്ന് ഇന്ത്യയെ ക്രിക്കറ്റിനോട് ഉപമിച്ച് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യ തലസ്ഥാനത്തെ അനധികൃത കോളനികള്‍ നിയമവിധേയമാക്കി, മധ്യവര്‍ഗ ജനതയ്ക്കായി പ്രത്യേക ഫണ്ട് സൃഷ്ടിച്ചു, കൊച്ചുകുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയും ചിട്ടികള്‍ നിയന്ത്രിക്കുന്നതിനെതിരെയും നിയമം കൊണ്ടുവന്നു, ഭരണഘടനയില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, മുത്വലാഖ് നിയമപ്രകാരം നിരോധിച്ചു, കോര്‍പ്പറേറ്റ് നികുതി കുറച്ചു, സൈന്യത്തിന് ആവശ്യമായ യുദ്ധവിമാനങ്ങള്‍ വിതരണം ചെയ്യുന്നു,
അയോധ്യ വിഷയത്തില്‍ രാമ ക്ഷേത്രത്തില്‍ വിശ്വാസം സൃഷ്ടിച്ചു, പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നു എന്നിങ്ങിനെ സുപ്രധാന തീരുമാനങ്ങളെടുത്തു കഴിഞ്ഞതായി പ്രധാനമന്ത്രി വ്യക്തമാക്കി.