ഭാര്യയുടെ പ്രസവ വേദന കണ്ടതോടെ ഓട്ടോറിക്ഷയില്‍ ഭര്‍ത്താവ് ബോധരഹിതനായി; പിന്നീട് സംഭവിച്ചത് അറിയാം

single-img
14 February 2020

രാജസ്ഥാനിലെ കോട്ടയിൽ പൂജ മെഹവാര്‍ എന്ന ഗർഭിണിയായ ഇരുപത്തിയഞ്ചുകാരിയും ഭര്‍ത്താവും ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ പോകുന്നതിനാണ് ഇബ്രാഹിമിന്റെ ഓട്ടോ വിളിച്ചത്. യാത്ര തുടങ്ങി കുറച്ചുസമയം കഴിഞ്ഞപ്പോൾ പൂജയ്ക്ക് പ്രസവവേദന അനുഭവപ്പെട്ട് തുടങ്ങി. അതോടെ ഡ്രൈവറായ ഇബ്രാഹിം എത്രയും വേഗം ഇവരെ ആശുപത്രിയിലേക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വേദന അധികരിച്ചതോടെ ആകെ പ്രശ്നമാകുകയായിരുന്നു.

ഭാര്യയുടെ കരച്ചിലും കഠിനമായ വേദനയും കണ്ടതോടെ ഭര്‍ത്താവ് ഓട്ടോയ്ക്കകത്ത് വച്ച് തന്നെ ബോധരഹിതനായി. ഈ സമയം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നെങ്കിലും ഇബ്രാഹിം പകച്ചുനിൽക്കാതെ പൂജയെ സമാധാനിപ്പിക്കുകയും, വണ്ടി നിര്‍ത്തിയതിന് ശേഷം പ്രദേശത്തെ അടുത്തുള്ള സ്ത്രീകളെ കൂട്ടിക്കൊണ്ട് വരികയും ചെയ്യുകയായിരുന്നു. ശേഷം ഓട്ടോയ്ക്കകത്ത് വച്ച് തന്നെയാണ് പൂജ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കൃത്യമായ സമയം ഇബ്രാഹിം കാണിച്ച മനസാന്നിധ്യമാണ് തന്നേയും തന്റെ കുടുംബത്തേയും കാത്തത് എന്ന് പൂജയുടെ ഭര്‍ത്താവ് സുനില്‍ മെഹവാര്‍ പിന്നീട് പ്രതികരിച്ചു. പൂജയും ഇബ്രാഹിമിന് നന്ദി പറഞ്ഞു. വിവരങ്ങൾ അറിഞ്ഞ ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പിന്നീട് ഇബ്രാഹിമിന് ഗംഭീരമായൊരു സ്വീകരണവും നല്‍കി.