തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിന് ഡിസിസി ജനറൽ സെക്രട്ടറിയുടെ ക്രൂര മർദനം

single-img
14 February 2020

തിരുവനന്തപുരം: മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ മര്‍ദനം. ആക്രമണത്തിൽ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു.

ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചത്. ജോസിനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. മാരായമൂട്ടം സഹകരണ ബാങ്കിനു മുന്നിൽ കഴിഞ്ഞ മൂന്നാം തിയതിയാണ് സംഭവം നടന്നത്.

സുരേഷിന്റെ സഹോദരൻ മാരായമൂട്ടം സഹകരണ ബാങ്കിന്റെ മുന്‍ ഭരണസമിതി പ്രസിഡന്റായിരുന്നു. ആ സമയത്ത് നടന്ന അഴിമതിയെക്കുറിച്ച് ജയൻ വിജിലൻസിനടക്കം പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ഇപ്പോൾ അന്വേഷണം നടന്നു വരികയാണ്. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുരേഷും സുരേഷിന്റെ സുഹൃത്തും സഹോദരൻമാരും പല തവണ ജയനെ സമീപിച്ചിരുന്നു. എന്നാൽ പരാതി പിൻവലിക്കാൻ തയാറായില്ല. അതോടു കൂടിയാണ് ആക്രമിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.