സിഎജി റിപ്പോര്‍ട്ടിനെ സിപിഎം രാഷ്ട്രീയ പ്രേരിതമായി കണക്കാക്കുമ്പോള്‍

single-img
14 February 2020

കേരളാ പൊലീസിലെ കെടുകാര്യസ്ഥതയും അഴിമതിയും ചൂണ്ടിക്കാണിച്ച സിഎജി റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുന്നു. പ്രസ്തുത റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് യുഡിഎഫ് ഭരിച്ചിരുന്ന കാലത്തെ അഴിമതിയാണെന്നും ഇതിന് മറുപടി പറയേണ്ടെന്നുമാണ് നിലവിൽ സെക്രട്ടറിയേറ്റ് യോഗ തീരുമാനം.

Support Evartha to Save Independent journalism

ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരുന്നത്. ഈ സാഹചര്യത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്.

സാധാരണ നടപടി ക്രമങ്ങൾക്ക് വിപരീതമായി സിഎജി വാര്‍ത്താ സമ്മേളനം വിളിച്ച് കണ്ടെത്തലുകള്‍ വിശദീകരിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് മുഖ്യമന്ത്രി നേരിട്ട് മുൻപേ സൂചിപ്പിച്ചിരുന്നു. സാധാരണയായി സിഎജി റിപ്പോര്‍ട്ടുകള്‍ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുന്നില്‍ എത്തുമ്പോള്‍ മറുപടിയും വിശദീകരണവും നല്‍കി പരിഹരിക്കാറാണ് പതിവ്.

ആ രീതി തന്നെ നിലവിലെ ആരോപണത്തിലും ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്.
ഈ വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന സെക്രട്ടറിയറ്റ് ഈ വിഷയത്തില്‍ കൂടുതല്‍ തീരുമാനമെടുക്കുമെന്നാണ് വിലയിരുത്തലുകള്‍.