അടുത്ത മാസം ബാങ്കുകൾ അടഞ്ഞുകിടക്കുന്നത് തുടർച്ചയായ ആറു ദിവസം

single-img
14 February 2020

മാർച്ചിൽ തുടർച്ചായായ ആറു ദിനങ്ങൾ ബാങ്കുകൾ അടഞ്ഞുകിടക്കുമെന്നു റിപ്പോർട്ടുകൾ. മാര്‍ച്ചിലെ രണ്ടാമത്തെ ആഴ്ചയിലാണ് ഈ അവധിദിനങ്ങൾ വരുന്നത്. മാര്‍ച്ച് 10 മുതല്‍ പതിനഞ്ച് വരെയുളള ആറുദിവസമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ സാധ്യതയുളളത്. 

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്ത ത്രിദിന പണിമുടക്കും ഹോളിയും രണ്ടാമത്തെ ശനിയാഴ്ചയും കണക്കാക്കുമ്പോള്‍ തുടര്‍ച്ചയായ ആറു ദിവസം ഇടപാടുകാര്‍ വലയും.

ബാങ്കുകളുടെ ലയനം, ശമ്പള വര്‍ധന ഉള്‍പ്പെടെയുളള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുന്നത്. മാര്‍ച്ച് 11 മുതല്‍ 13 വരെയാണ് വിവിധ ജീവനക്കാരുടെ യൂണിയനുകള്‍ സംയുക്തമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ പ്രമുഖ യൂണിയനുകളായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനുമാണ് സമരം ചെയ്യുന്നത്. 

ബുധനാഴ്ച മുതല്‍ വെളളിയാഴ്ച വരെയാണ് സമരം. 14 രണ്ടാം ശനിയാഴ്ചയാണ്. അന്ന് ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമല്ല. 15-ാം തീയതി ഞായറാഴ്ചയും 10 ചൊവ്വാഴ്ച ഹോളിയുമാണ്. ഈ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ചുരുക്കത്തില്‍ 9-ാം തീയതി തിങ്കളാഴ്ച മാത്രമാണ് ആ ആഴ്ചയില്‍ ഇടപാടുകള്‍ നടക്കുക. പിന്നീട് അടുത്ത തിങ്കളാഴ്ച വരെ ഇടപാടുകാര്‍ കാത്തിരിക്കേണ്ടി വരും.