യാത്രക്കാരെ പിഴിയുന്ന ഓട്ടോക്കാരേ, നിങ്ങൾക്ക് മൂക്കുകയറുമായി ഹെെക്കാേടതി എത്തിയിട്ടുണ്ട്

single-img
14 February 2020

മീറ്റർ ഇടാതെ അധികചാർജ് ഈടാക്കിയും മീറ്ററിൽ കാണിക്കുന്നതിൽ കൂടുതൽ ചാർജ് ചോദിച്ചും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഓട്ടോറീക്ഷകൾക്ക് മുക്കുകയറുമായി ഹെെക്കോടതി രംഗത്ത്. സംസ്ഥാനത്തെ ഓട്ടോറിക്ഷകളില്‍ യാത്രാനിരക്ക് അച്ചടിച്ച കാര്‍ഡ് യാത്രക്കാര്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ആകുമോ എന്ന് മോട്ടോര്‍ വാഹന വകുപ്പും ലീഗല്‍ മെട്രോളജി അധികൃതരും പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകി. 

കണ്ണൂരില്‍ മീറ്റര്‍ ഘടിപ്പിക്കാതെ ഓട്ടോറിക്ഷകള്‍ അധിക ചാര്‍ജ് വാങ്ങുന്നതായി ആരോപിച്ച് ‘ദ് ട്രൂത്ത്’ എന്ന സംഘടന നല്‍കിയത് ഉള്‍പ്പെടെയുളള ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരുടെ ഉത്തരവ്. കണ്ണൂര്‍ ജില്ലയില്‍ ഉടന്‍ നടപടികള്‍ക്ക് പൊലീസിനു നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 

അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് ഫോണില്‍ പരാതിപ്പെടാനുള്ള നമ്പരുകള്‍ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഡിജിപി ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

എമര്‍ജന്‍സി സപ്പോര്‍ട്ട് റെസ്‌പോണ്‍സ് സംവിധാനം (112 ടോള്‍ ഫ്രീ നമ്പര്‍), ഹൈവേ പൊലീസ് (9846100100), പിങ്ക് പൊലീസ് (1515), വനിതാ ഹെല്‍പ് ലൈന്‍ (1091) തുടങ്ങിയവ യാത്രക്കാരുടെ പരാതികളോട് പ്രതികരിക്കാന്‍ കഴിയുന്ന തരത്തില്‍ ഉപകാരപ്രദമാകണമെന്നും ഹെെക്കോടതി നിർദ്ദേശിച്ചു. പരാതിയുമായി യാത്രക്കാര്‍ വിളിച്ചാല്‍ മറ്റു നമ്പരിലേക്കു വിളിക്കാന്‍ പറയരുതെന്നും കോളുകള്‍ ഉചിതമായ കേന്ദ്രത്തിലേക്കു തിരിച്ചുവിടാന്‍ സംവിധാനം വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

അമിത നിരക്ക് ഈടാക്കിയെന്ന പരാതി ലഭിച്ചാല്‍ ഓട്ടോ ഡ്രൈവര്‍ക്ക് വീഴ്ചയുണ്ടായോ എന്നു പരിശോധിക്കണം. ഉണ്ടെങ്കില്‍ മോട്ടോര്‍ വാഹന, ലീഗല്‍ മെട്രോളജി നിയമങ്ങള്‍ പ്രകാരം നടപടിക്കു റിപ്പോര്‍ട്ട് ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി.