ആര്‍ത്തവം ഉണ്ടോയെന്നറിയാന്‍ നഗ്‌നരാക്കി പരിശോധന നടത്തി; പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍

single-img
14 February 2020

ആര്‍ത്തവം ഉണ്ടോയെന്നറിയാന്‍ പെണ്‍കുട്ടികളെ വസ്ത്രമഴിച്ച് പരിശോധന നടത്തി. ഗുജറാത്തിലെ ഭുജിലെ കോളേജിലാണ് അപമാനകരമായ സംഭവം നടന്നത്. ശ്രീ സഹജനന്ദ ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലിലെ വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്.

ഉപയോഗിച്ച നാപ്കിന്‍ ഹോസ്റ്റലിലെ പൂന്തോട്ടത്തില്‍ കണ്ടെത്തിനെ തുടര്‍ന്നായിരുന്നു പരിശോധന.പെണ്‍കുട്ടികള്‍ ആചാരം ലംഘിച്ചെന്നും ആര്‍ത്തവ സമയത്ത് അടുക്കളയിലും ക്ഷേത്രത്തിലും കയറിയെന്നും അധികൃതര്‍ ആരോപിക്കുന്നുണ്ട്. കോളേജിലെ പ്രിന്‍സിപ്പല്‍ അടക്കം ഒരുമിച്ചു കൂടിയാണ് വിദ്യാര്‍ഥികളെ പരിശോധിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

ആര്‍ക്കൊക്കെ ആര്‍ത്തവമുണ്ടെന്ന് ഹോസ്റ്റല്‍ അധികൃതര്‍ ചോദിച്ചു. രണ്ടു പെണ്‍കുട്ടികള്‍ സമ്മതിച്ചു, എന്നാല്‍ സംശയം തീരാതെ ഇവര്‍ ഹോസ്റ്റലിലെ 68 കുട്ടികളെ ശുചിമുറിയില്‍ കൊണ്ടു പോയി വസ്ത്രമഴിച്ച് പരിശോധിച്ചു എന്നാണ് പെണ്‍കുട്ടികളുടെ പരാതി. പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് കുട്ടികളുടെ മാതാപിതാക്കള്‍.അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഹോസ്റ്റല്‍ അധികൃതര്‍ അറിയിച്ചു.