ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദർശനം; ചേരിപ്രദേശങ്ങള്‍ മറച്ചുവെക്കാൻ മതിൽ പണിയുന്നു

single-img
13 February 2020

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ അഹമ്മദാബാദിൽ ചേരിപ്രദേശങ്ങള്‍ മറച്ചുവെച്ച് നഗരം സൗന്ദര്യവത്ക്കരിക്കാനൊരുങ്ങി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ചേരി മറയ്ക്കാനായി മതില്‍ പണിയാനാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനം. ട്രംപും മോദിയും ചേർന്ന് നടത്തുന്ന റോഡ്ഷോയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ ചേരി പ്രദേശം മറയ്ക്കുന്നതിനായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ഇന്ദിര ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന റോഡിനരികിലാണ് മതില്‍ പണിയുന്നത്.

Support Evartha to Save Independent journalism

വിമാനത്താവളത്തിനും തുടർന്നുള്ള മോട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിനുമിടയില്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ഗാന്ധിനഗറിലേക്ക് നയിക്കുന്ന ഭാഗത്ത് അരകിലോമീറ്ററിലധികം നീളവും ആറ് മുതല്‍ ഏഴ് അടി വരെ ഉയരവുമുള്ള മതിലാണ് പണിയുന്നത്.

ദശാബ്ദങ്ങളുടെ പഴക്കമുള്ള ദേവ് സരണ്‍ ചേരി പ്രദേശത്തെ ജനസഖ്യ 2,500ലേറെയാണ്. നിലവിൽ ഇവിടെ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ഈന്തപ്പനകള്‍ വെച്ചുപിടിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിന് മുൻപ് ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ അബെയും അദ്ദേഹത്തിന്റെ ഭാര്യ അകി അബേയും 2017 ല്‍ ഇന്ത്യ സന്ദർശിച്ചപ്പോഴും സമാന രീതിയിലുള്ള സൗന്ദര്യവത്കരണം നടത്തിയിരുന്നു.