സ്ഥാനാർഥികളുടെ ക്രിമിനൽ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം; രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണത്തിനെതിരെ സുപ്രീം കോടതി

single-img
13 February 2020

ഡൽഹി: രാഷ്ട്രീയ പാർട്ടികൾ അവരുടെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തണമെന്ന സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി. ക്രിമിനൽ പശ്ചാത്തലമുള്ള എല്ലാ സ്ഥാനാർത്ഥികളുടെയും കേസ് വിവരങ്ങൾ 48 മണിക്കൂറിനകം എല്ലാ പാർട്ടികളും സ്വന്തം വെബ്‍സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ക്രിമിനല്‍ പശ്ചാത്തലമുളളവരെ മല്‍സരിപ്പിക്കാനുളള കാരണം വിശദീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. വിവരങ്ങൾ 72 മണിക്കൂറിനുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷനും സമർപ്പിക്കാനും നിർദ്ദേശമുണ്ട്.

രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം തടയാന്‍ കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പട്ട് നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണ് വിധി. രാഷ്ട്രീയ പാർട്ടികൾ വിശദാംശങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടാലോ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നടപ്പാക്കാൻ കഴിയാതെ വന്നാലോ കോടതിയെ അവഹേളിക്കുന്നതായി കണക്കാക്കുമെന്ന് ജഡ്ജിമാർ പറഞ്ഞു.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരായി പ്രഖ്യാപിച്ചും, ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിയും സുപ്രീംകോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. ക്രിമനല്‍ കേസുകളുടെ വിവരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തണമെന്നതുള്‍പ്പെടേയുള്ള കാര്യങ്ങൾ അന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.