വളർത്തുനായ കുരച്ച് ബഹളമുണ്ടാക്കിയതിന് ഉടമയായ യുവതിക്ക് മർദ്ദനം; 35 കാരി ഹൃദയാഘാതത്താൽ മരിച്ചു

single-img
13 February 2020

വളർത്തുനായ കുരച്ച് ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് അയൽ വാസികളുടെ മർദ്ദനത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം.മർദ്ദനമേറ്റ 35 കാരിയായ യുവതി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പോലീസ് പറയുന്നു.മുംബൈയിലെ ഡോംബിവിലി സ്വദേശിയായ നാഗമ്മ ഷെട്ടിയാണ് ഇത്തരത്തിൽ ദാരുണമായി മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വളരെക്കാലമായി ഇവർ ഒരു തെരുവ് നായയെ സംരക്ഷിക്കുന്നുണ്ടായിരുന്നു.

ഈ നായ കുരച്ച് ബഹളം വച്ചതിന് അയൽക്കാർ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ചൊവ്വാഴ്ച ദിവസം അയൽവാസികളായ നാലു സ്ത്രീകളുമായുണ്ടായ വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. നാഗമ്മ ഷെട്ടിയുടെ നെഞ്ചിലും മർദ്ദനമേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പരാതി നൽകാൻ നാഗമ്മ പോലീസ് സ്റ്റേഷനിലും ചെന്നിരുന്നെങ്കിലും യുവതിയുടെ അവസ്ഥ കണ്ട പോലീസ് വൈദ്യ സഹായം ആദ്യം തേടാൻ പറഞ്ഞുകൊണ്ട് മടക്കുകയായിരുന്നു.

പക്ഷെ ചികിത്സ തേടാൻ തയ്യാറാകാതെ ഇവർവീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിൽ തിരികെയെത്തിയ ശേഷം നെഞ്ചുവേദന കലശലാവുകയായിരുന്നു. യുവതി മരണപ്പെടാനുള്ള കാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് എങ്കിലും സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.