ബെഹ്‌റ ഡിജിപിയായത് മോദിയും പിണറായി വിജയനും തമ്മിലുള്ള രഹസ്യ ധാരണ പ്രകാരം: മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
13 February 2020

കേരളത്തിന്റെ ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പോലീസ് സേനയുടെ ആയുധ ശേഖരത്തിലെ തോക്ക് നഷ്ടപ്പെട്ട സംഭവം ഹൈക്കോടതി നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും തോക്ക് സൂക്ഷിക്കാന്‍ കഴിയാത്ത പോലീസ് എങ്ങനെ ജനങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചു.

സംഭവത്തിൽ മുഖ്യമന്ത്രിയും ഡിജിപിയും രാജിവെച്ച് നിയമനടപടി നേരിടണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും ആ ധാരണ പ്രകാരമാണ് ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവി ആയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സിഎജിയുടെ റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്ന കണ്ടെത്തലുകൾ വളരെ ഗുരുതരമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും സംസ്ഥാന പോലീസിന്റെ നവീകരണത്തിന് അനുവദിച്ച തുക എങ്ങനെ ചെലവഴിച്ചെന്ന് വ്യക്തമാക്കണമെന്നും പറഞ്ഞ മുല്ലപ്പള്ളി ഇവിടെ മുഖ്യമന്ത്രിയാണോ ഡിജിപിയാണോ ആഭ്യന്തരം കൈയാളുന്നതെന്നും ചോദിച്ചു.