ബംഗാളിലെ മെട്രോ റെയില്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി; ക്ഷണക്കത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഒഴിവാക്കി

single-img
13 February 2020

പശ്ചിമ ബംഗാളിലെ സെക്ടര്‍ അഞ്ചിനെയും സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തെയും ബന്ധിപ്പിക്കുന്ന ഈസ്റ്റ്-വെസ്റ്റ് മെട്രോ കോറിഡോര്‍ ഉദ്ഘാടനത്തിന്റെ ക്ഷണക്കത്തില്‍ സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഒഴിവാക്കിയതില്‍ പ്രതിഷേധം.കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് മെട്രോ ഉദ്ഘാടനം ചെയ്യുന്നത്.

ചടങ്ങിലേക്കായി തയ്യാറാക്കിയ കത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പേര് ഒഴിവാക്കിയപ്പോൾ തൃണമൂല്‍ എംപി കകോലി ഘോഷ് ദാസ്തിദാര്‍, സംസ്ഥാന ഫയര്‍ സര്‍വിസ് മന്ത്രി സുജിത് ബോസ്, ബിധാനഗര്‍ കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണ ചക്രബൊര്‍ത്തി എന്നിവരുടെ പേര് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ പേര് ക്ഷണക്കത്തില്‍ നിന്ന് മനഃപൂർവം ഒഴിവാക്കിയത് ബംഗാള്‍ ജനതയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ആരും പങ്കെടുക്കില്ലെന്നും കകോലി ഘോഷ് ദാസ്തിദാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോൾ ഉദ്ഘാടനം നടക്കുന്ന ഈ പദ്ധതിക്ക് 2009-2011 കാലത്തെ കേന്ദ്രറെയില്‍വേ മന്ത്രിയായിരുന്ന മമതാ ബാനര്‍ജിയാണ് ഫണ്ട് അനുവദിച്ചത്.പക്ഷെ ഇപ്പോൾ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടന സമയമായപ്പോള്‍ മമതയെ ഒഴിവാക്കിയെന്നും പാര്‍ട്ടി ആരോപിച്ചു.

അതേസമയം മമതാ ബാനര്‍ജി മുമ്പ് ചെയ്ത പാപങ്ങളുടെ ഫലമാണ് അനുഭവിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലിപ് ഘോഷ് പ്രതകരിച്ചു. മമത മുൻപ് കേന്ദ്ര സർക്കാരിൽ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ പശ്ചിമ ബംഗാളിൽ നടത്തിയ പല പരിപാടിക്കും മുഖ്യമന്ത്രിയായ ബുദ്ധദേവ് ഭട്ടാചാര്യയെ ക്ഷണിച്ചിരുന്നില്ല. മാത്രമല്ല, ഇപ്പോഴും പല സംസ്ഥാന സര്‍ക്കാര്‍ പരിപാടികളിലേക്കും ബിജെപി ജനപ്രതിനിധികളെ ക്ഷണിക്കുന്നില്ലെന്നും ദിലിപ് ഘോഷ് പറഞ്ഞു.