ഇല്ലാത്ത കേസുണ്ടാക്കി `സഹായിക്കുന്ന´ പൊലീസ്: പോക്സോ കേസിൽ പ്രതിയാക്കുമെന്നു പറഞ്ഞു കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

single-img
13 February 2020

യുവാവിനെ  ഇല്ലാത്ത പോക്സോ കേസിൽ പ്രതിയാക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ. ഷൊർണൂർ‌ പൊലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലിസ് ഓഫിസർ  കരുനാഗപ്പള്ളി സ്വദേശി എ വിനോദ് (46) ആണ് പിടിയിലായത്. പോക്സോ കേസിൽ പ്രതിയാക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി യുവാവിൽ നിന്നു 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിനോദിനെ വിജിലൻസ് പിടികൂടിയത്. 

പ്രസ്തുത കേസിൽ വിനോദിൻ്റെ ഇടനിലക്കാരനായി പ്രവർത്തിച്ച ഉണ്ണികൃഷ്ണൻ എന്ന സുബി36) യേയും അറസ്റ്റ് ചെയ്തു. ബിനോയി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം ഷൊർണൂർ പൊലിസിൽ രജിസ്റ്റർ ചെയ്തതും പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലാത്തതുമായ പോക്സോ കേസിൽ സിഐയും എസ്ഐയും ബിനോയിയെ സംശയിക്കുന്നു എന്നുപറഞ്ഞാണ് പ്രതികൾ ബിനോയിയെ സമീപിച്ചത്. 

കേസിൽ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. ആദ്യം 20,000 രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് 10,000 രൂപയിൽ ഒത്തുതീർപ്പിലെത്തി. 6000 രൂപ ബിനോയി വിനോദിന് മൂന്ന് തവണയായി നൽകിയിരുന്നു. ബാക്കിയുള്ള 4000 രൂപ കൈമാറുന്നതിനിടെയാണു വിനോദിനേയും ഉണ്ണിക്കൃഷ്ണനേയും വിജിലൻസ് പിടികൂടിയത്.