കഞ്ചാവ് `അച്ചാറിട്ട´ മൂന്നുപേർ പിടിയിൽ

single-img
13 February 2020

കഞ്ചാവ് `അച്ചാറിട്ട´ മൂന്നുപേർ എക്സെെസ് പിടിയിൽ. അച്ചാറിൻ്റെ കുപ്പിയിൽ ഖത്തറിലേക്കു അഞ്ചു ഗ്രാം  കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നു യുവാക്കളാണ് അറസ്റ്റിലായത്. ഖത്തറിലേക്കു പാഴ്സൽ അയയ്ക്കാൻ കുറിയർ ഏജൻസിയിലെത്തിയ ഇവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കഞ്ചാവ് പ്ലാസ്റ്റിക് കവറിലാക്കി, കാർബൺ പേപ്പർ കൊണ്ടു പൊതിഞ്ഞ ശേഷം അച്ചാർ കുപ്പിയിൽ അടച്ചു ഭദ്രമാക്കിയ നിലയിലായിരുന്നു. എറണാകുളം എക്സൈസ് ഇൻസ്പെക്ടർ എസ്. ടെനിമോന്റെ നേതൃത്വത്തിലാണ് പ്രതികള അറസ്റ്റു ചെയ്തത്.

കോട്ടയം വൈക്കം കുലശേഖരമംഗലം മറവൻതുരുത്ത് പാലക്കത്തറ അനന്തു (18), വെള്ളൂർ കരിപ്പാടം തയ്യിടയിൽ അഭിജിത് (18), ചേർത്തല കടക്കരപ്പിള്ളി തങ്കി പാലുത്തറ ആൽബി വർഗീസ് (20) എന്നിവരാണു അറസ്റ്റിലായത്. വൈക്കം സ്വദേശി ബാദുഷയുടെ ദോഹയിലെ മേൽവിലാസമാണു കുറിയറിലുള്ളത്. അയയ്ക്കുന്നയാളുടെ മേൽവിലാസം ആൽബിയുടേതാണ്. 

അറസ്റ്റിലായവരുടെ അടുത്ത സുഹൃത്താണ് ബാദുഷയെന്ന് അധികൃതർ പറഞ്ഞു. മുൻപും ബാദുഷയ്ക്കു ഇത്തരത്തിൽ കഞ്ചാവ് അയച്ചിട്ടുണ്ടെന്നു പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.