പാകിസ്ഥാനില്‍ തീവ്രവാദികള്‍ തുടരുന്നിടത്തോളം കാലം ഇന്ത്യ-പാക് പരമ്പര നടക്കേണ്ട ആവശ്യമില്ല; യുവരാജിനെ തള്ളി ചേതന്‍ ചൗഹാന്‍

single-img
13 February 2020

ഡൽഹി: പാകിസ്ഥാനില്‍ തീവ്രവാദികള്‍ തുടരുന്നിടത്തോളം കാലം ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കേണ്ട ആവശ്യമില്ലെന്ന് മുന്‍ താരം ചേതന്‍ ചൗഹാന്‍. പരമ്പര വീണ്ടും തുടങ്ങണമെന്ന ആവശ്യവുമായി യുവ്‌രാജ് സിംഗ് രംഗത്തെത്തിയതിന് പിന്നാലെയാണ് ചേതന്‍റെ പ്രതികരണം.

പാകിസ്ഥാനില്‍ കളിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. പാകിസ്ഥാനില്‍ തീവ്രവാദികള്‍ തുടരുന്നിടത്തോളം കാലം ഇരു രാജ്യങ്ങളും തമ്മില്‍ മത്സരം നടക്കാന്‍ പാടില്ല’.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലാത്തതിനാല്‍ ഇന്ത്യ-പാക് പരമ്പര ഇപ്പോള്‍ നടക്കേണ്ട ആവശ്യമില്ല എന്നും ചേതന്‍ ചൗഹാന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ഇന്ത്യ-പാക് പരമ്പരയെ അനുകൂലിച്ച് മുൻ ഇന്ത്യൻ താരം യുവ്‌രാജ് സിംഗ് രംഗത്തെത്തിയിരുന്നു. ‘ഇന്ത്യ-പാകിസ്ഥാന്‍ പരമ്പര പുനരാരംഭിക്കുന്നതാവും ക്രിക്കറ്റില്‍ സംഭവിക്കാവുന്ന നല്ല കാര്യം മറ്റൊരു പരമ്പരയ്‌ക്കും ഇത്രത്തോളം ആവേശം നിറയ്‌ക്കാന്‍ കഴിയില്ല’ എന്നായിരുന്നു യുവ്‌രാജ് സിംഗ് വ്യക്തമാക്കിയത്.