ഡല്‍ഹിയില്‍ ‘ഗോലിമാരോ’ പോലുള്ള പ്രചാരണം ബിജെപിക്ക് തിരിച്ചടിയായി: തുറന്ന് പറഞ്ഞ് അമിത് ഷാ

single-img
13 February 2020

ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേരിട്ട കനത്ത പരാജയത്തിന് ശേഷം ആദ്യമായി പ്രതികരിച്ചുകൊണ്ട് കേന്ദ്രഅഭ്യന്തരമന്ത്രി അമിത്ഷാ. ഡൽഹിയിൽ തങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും പ്രചാരണതന്ത്രങ്ങളില്‍ പാളിച്ചയുണ്ടായെന്നും അമിത് ഷാ പറഞ്ഞു. ‘ഗോലിമാരോ’ പോലെയുള്ള പ്രചാരണങ്ങൾ ബിജെപിക്ക് തിരിച്ചടി സമ്മാനിച്ചു എന്ന് ദേശീയമാധ്യമമായ ടൈംസ് നടത്തിയ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ അദ്ദേഹം തുറന്ന് സമ്മതിച്ചു.

തെരഞ്ഞെടുപ്പ് സമയം ഗോലിമാരോ, ഇന്ത്യ- പാകിസ്ഥാന്‍ മാച്ച് എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ബിജെപി ഒഴിവാക്കേണ്ടതായിരുന്നു. സംസ്ഥാനത്തുനടന്ന തെരഞ്ഞെടുപ്പിനേയും ഷഹീന്‍ ബാഗീനേയും ബന്ധിപ്പിക്കേണ്ടതില്ല. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് വിജയിക്കാന്‍ മാത്രമല്ല ബിജെപിയുടെ ആശയങ്ങള്‍ ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ കൂടിയാണെന്നും അമിത് ഷാ പറഞ്ഞു.

അതേപോലെ തന്നെ ഈ തെരഞ്ഞെടുപ്പ് ഫലം പൗരത്വ നിയമത്തിനോ എൻപിആറിനോ എതിരെയുള്ള ജനവിധിയല്ലെന്നും പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരങ്ങൾ മാത്രമാണ് മാധ്യമങ്ങൾ കാണിക്കുന്നതെന്നും പൗരത്വ നിയമത്തിന് അനുകൂലമായി നടക്കുന്ന പ്രചരങ്ങളെ മാധ്യമങ്ങൾ അവഗണിക്കുന്നതായും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

നിലവിലെ പട്ടികജാതി- പട്ടികവർഗ സംവരണത്തിനെതിരായ സുപ്രീംകോടതി വിധിക്ക് കാരണം ഉത്തരാഖണ്ഡിലെ മുൻ കോൺഗ്രസ് സർക്കാരാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.