ന്യൂസിലാന്‍ഡിനെതിരെ എന്തുകൊണ്ട് ബുംറയ്ക്ക് വിക്കറ്റ് കിട്ടിയില്ല; സഹീർ ഖാൻ പറയുന്നു

single-img
12 February 2020

ന്യൂസിലാന്‍ഡിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ പൂർണ്ണ പരാജയം വാങ്ങാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പ്രകടനമായിരുന്നു. പരമ്പരയില്‍ ആകെ 30 ഓവറുകള്‍ ബൗള്‍ ചെയ്തിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ബുംറയ്ക്ക് സാധിച്ചിരുന്നില്ല.

എന്നാൽ ഏകദിന പരമ്പരയ്ക്ക് മുൻപ് നടന്ന ടി20 പരമ്പരയില്‍ കിവീസിനെതിരേ ഉജ്ജ്വല പ്രകടനം നടത്തിയ ബുംറ തുടർന്നുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ബുംറ ശക്തമായ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഇവിടെ ഇതാ ഏകദിന പരമ്പരയില്‍ എന്തുകൊണ്ടാണ് ബുംറ പരാജയമായത് എന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസ് ഇതിഹാസം സഹീര്‍ ഖാന്‍.

ന്യൂസിലാന്‍ഡ് കളിക്കാർ ബുംറയ്ക്കതിരേ വളരെ തന്ത്രപൂര്‍വമാണ് കളിച്ചതെന്ന് സഹീര്‍ ചൂണ്ടിക്കാട്ടി. ബുംറ ഒരു മത്സരത്തിൽ എറിയുന്ന 10 ഓവറില്‍ 35 റണ്‍സ് മാത്രം നേടാനായാലും കുഴപ്പമില്ല, ആരുടേയും വിക്കറ്റ് നല്‍കാതിരുന്നാല്‍ മതി. അതേസമയം മറ്റു ബൗളര്‍മാര്‍ക്കെതിരേ പരമാവധി റണ്‍സ് നേടുകയും ചെയ്യുകയെന്ന തന്ത്രമായിരുന്നു കിവീസ് പരീക്ഷിച്ചത്.

ഈതന്ത്രം വിജയിച്ചതോടെ ബുംറയ്ക്കു വെറുംകൈയോടെ പരമ്പര അവസാനിപ്പിക്കേണ്ടിയും വന്നതായി സഹീര്‍ പറയുന്നു. എതിരെ കളിക്കുന്ന ടീമുകള്‍ ഇപ്പോള്‍ ബുംറയെ മനസ്സിലാക്കി കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇനിയും കുറേക്കൂടി അഗ്രസീവായി പന്തെറിഞ്ഞാല്‍ മാത്രമേ ഇനി ബുംറയ്ക്കു തന്റെ പഴയ താളത്തിലേക്കു മടങ്ങിയെത്താനും എതിര്‍ ബാറ്റിങ് നിരയുടെ പേടിസ്വപ്‌നമായി മാറാനും സാധിക്കുകയുള്ളൂ.

ബുംറ ബോൾ ചെയ്യുമ്പോൾ പ്രതിരോധത്തിലൂന്നിയാണ് ബാറ്റ്‌സ്മാന്‍മാര്‍ കളിക്കുന്നത്.ഇത് മാറ്റാൻ അദ്ദേഹം കൂടുതല്‍ ആക്രമണോത്സുകത കാണിക്കേണ്ടതുണ്ട്. വിക്കറ്റ് സ്വന്തമാക്കാൻ ബാറ്റ്‌സ്മാന്റെ ഭാഗത്ത് നിന്നും വരുന്ന പിഴവിനായി കാത്തിരിക്കുകയെന്ന പഴയ രീതി ഇനി ബുംറയ്ക്കു പ്രാവര്‍ത്തികമല്ലെന്നും സഹീര്‍ പറഞ്ഞു. ഇനി മുതൽ ബാറ്റ്‌സ്മാൻമാരെ കൊണ്ട് ഷോട്ട് കളിപ്പിപ്പിച്ച് വിക്കറ്റ് നേടാനാണ് ബുംറ ശ്രമിക്കേണ്ടതെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.