പാലാരിവട്ടം പാലം അഴിമതി; ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇബ്രാഹിം കുഞ്ഞിന് വിജിലൻസ് നോട്ടീസ്

single-img
12 February 2020

പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട മുന്‍ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിന് വിജിലൻസിന്റ നോട്ടീസ്. ഈ വരുന്ന ശനിയാഴ്ച 11 മണിക്ക് പൂജപ്പുര വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്.

നിയമ പ്രകാരം സംസ്ഥാന ഗവർണർ അനുമതി നൽകിയ ശേഷമുള്ള ചോദ്യം ചെയ്യലിന് വേണ്ടിയാണ് ഇബ്രാഹിം കുഞ്ഞിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇതേ കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെ മുൻപ് ഒരു പ്രാവശ്യം കൊച്ചിയിൽ വച്ച് ചോദ്യം ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാലം നിർമ്മാണത്തിൻറെ കരാർ എടുത്ത ആർഡിഎസ് കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നൽകിയതിൻറെ വ്യക്തമായ രേഖകള്‍ വിജിലൻസിന് ലഭിച്ചത്.

കരാറിൽ പറഞ്ഞതിന് വിരുദ്ധമായി 8.25 കോടി രൂപ കരാർ കമ്പനിയായ ആർഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും തുകയിൽ പലിശ ഇളവ് അനുവദിക്കാൻ നിർദ്ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തൽ.