കോൺഗ്രസ് സമ്പൂർണ്ണ പരാജയം: പിസി ചാക്കോ രാജിവച്ചു

single-img
12 February 2020

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയം നേരിട്ടതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എഐസിസി ജനറല്‍ സെക്രട്ടറി പി സി ചാക്കോ രാജിവെച്ചു. നേരത്തെ കോണ്‍ഗ്രസിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് പി സി ചാക്കോ രംഗത്തുവന്നിരുന്നു.

ഡല്‍ഹിയുടെ ചുമതലയില്‍ നിന്നാണ് രാജി. നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റുപോലും നേടാന്‍ കഴിയാതെ കോണ്‍ഗ്രസ് ദയനീയമായാണ് പരാജയപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് പി സി ചാക്കോ രാജിവെച്ചത്.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വീഴ്ച ആരംഭിക്കുന്നതെന്നും നേരത്തേ പിസി ചാക്കോ പറഞ്ഞിരുന്നു. 

2013ലാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വീഴ്ച ആരംഭിക്കുന്നത്. അന്ന് ഷീലാദീക്ഷിത് ആയിരുന്നു മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് വോട്ടുബാങ്ക് ഒന്നടങ്കം കൊണ്ടുപോയി. ഇത് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഇതിപ്പോഴും ആംആദ്മി പാര്‍ട്ടിയുടെ കയ്യില്‍ തന്നെയാണെന്നും പി സി ചാക്കോ പറഞ്ഞു.