ഡൽഹിയിൽ കോൺഗ്രസിൻ്റെ തകർച്ച ആരംഭിക്കുന്നത് ഷീലാ ദീക്ഷിതിൻ്റെ കാലത്ത്: വിഴുപ്പലക്കലിന് തുടക്കമിട്ട് പിസി ചാക്കോ

single-img
12 February 2020

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതിനെതിരെ  കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ.രംഗത്ത്. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോണ്‍ഗ്രസിന്റെ വീഴ്ച ആരംഭിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന പി സി ചാക്കോയുടെ പ്രതികരണം. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് പിസി ചാക്കോ പ്രതികരണവുമായി രംഗത്തെത്തിയത്. 

ഇത് മൂന്നാം തവണയാണ് പിസി ചാക്കോ തൻ്റെ മുൻ പ്രസ്താവനകളിൽ നിന്നും മലക്കം മറിയുന്നത്. വോട്ടെണ്ണലിന് മുന്‍പ് ഹരിയാനയിലെ പോലെ ഡല്‍ഹിയിലും കോണ്‍ഗ്രസ് ഏവരെയും അമ്പരിപ്പിക്കുമെന്നാണ് പി സി ചാക്കോ ആദ്യം പറഞ്ഞത്. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്ന് പി സി ചാക്കോ മാറ്റി പറഞ്ഞതും വാര്‍ത്തയായിരുന്നു. 

2013ലാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വീഴ്ച ആരംഭിക്കുന്നത്. അന്ന് ഷീലാദീക്ഷിത് ആയിരുന്നു മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് വോട്ടുബാങ്ക് ഒന്നടങ്കം കൊണ്ടുപോയെന്നും പിസി ചാക്കോ പറഞ്ഞു. 

ഇത് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും ഇതിപ്പോഴും ആംആദ്മി പാര്‍ട്ടിയുടെ കയ്യില്‍ തന്നെയാണെന്നും പി സി ചാക്കോ ചൂണ്ടിക്കാട്ടി.