വിജയത്തിനു പിന്നാലെ ആംആദ്മി എംഎല്‍എയ്ക്കു നേരെ വധശ്രമം: പ്രവർത്തകൻ കൊല്ലപ്പെട്ടു

single-img
12 February 2020

തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ എഎപി എംഎല്‍എയ്ക്കു നേരെ വധശ്രമം. മഹറൗലി മണ്ഡലത്തില്‍ നിന്നു വിജയിച്ച നരേഷ് യാദവിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ വെടിവെയ്പ്പിൽ എംഎല്‍എയുടെ ഒപ്പമുണ്ടായിരുന്ന ഒരു എഎപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൂടാതെ മറ്റൊരു പ്രവര്‍ത്തകനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

 മഹറൗലി മണ്ഡലത്തില്‍ ബിജെപിയിലെ കുസും ഖത്രിയെ 18161 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നരേഷ് യാദവ് വിജയിച്ചത്.

തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ  ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ കിഷന്‍ഗഢില്‍ 11 മണിയോടെയായിരുന്നു ആക്രമണം.  സ്ഥലത്ത് നിന്ന് 6 ബുള്ളറ്റുകള്‍ കണ്ടെടുത്തു. അശോക് മാന്‍ എന്ന പ്രവര്‍ത്തകനാണ് മരിച്ചതെന്നും എഎപി വ്യക്തമാക്കി.

സംഭവം ശരിക്കും നിര്‍ഭാഗ്യകരമാണെന്നും ആക്രമണത്തിന് പിന്നിലെ കാരണം അറിയില്ലെന്നും നരേഷ് യാദവ് പ്രതികരിച്ചു. പെട്ടെന്ന് വെടിവെപ്പുണ്ടായത്. നാല് റൗണ്ടുകള്‍ വെടിവെച്ചു. ഞാന്‍ ഉണ്ടായിരുന്ന വാഹനം ആക്രമിക്കപ്പെട്ടു. പോലീസ് ശരിയായി അന്വേഷിച്ചാല്‍ അക്രമിയെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.