16 പള്ളികൾക്കു വേണ്ടി ബാങ്ക് വിളി ഒരു പള്ളിയിൽ നിന്നും; പുതിയ തീരുമാനം നടപ്പിലാക്കി മലപ്പുറം വാഴക്കാട്

single-img
12 February 2020

ഉച്ചഭാഷിണിയിലൂടെ ഒരേസമയം പല പള്ളികളിൽനിന്നുള്ള ബാങ്കുവിളി ഒഴിവാക്കാനുള്ള ചർച്ചകൾ മുസ്ലീം സമുദായത്തിൽ ഉയർന്നു വരുന്നതിനിടയിൽ പ്രസ്തുത തീരുമാനം നടപ്പിലാക്കി മാതൃകയാകുകയാണ് മലപ്പുറം ജില്ലയിലെ  വാഴക്കാട് പ്രദേശം. വാഴക്കാട്ടെ 16 പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ സംയുക്ത യോഗമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. തീരുമാനം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ണ്ടുകിലോമീറ്റർ ചുറ്റളവിലുള്ള 16 പള്ളികളിലെ ബാങ്കുവിളി പ്രദേശത്തെ ഒരു പള്ളിയിൽനിന്നും മാത്രമാകും. 

പ്രദേശത്തെ ഒന്നിലധികം പള്ളികളിൽ നിന്നും ഉച്ചഭാഷിണിയിലൂടെ ഒന്നിച്ചുള്ള ബാങ്കുവിളി പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന തിരിച്ചറിവാണ് വാഴക്കാട്ടെ വിവിധ പള്ളിക്കമ്മിറ്റി ഭാരവാഹികളെ ബാങ്കുവിളി ഏകീകരണത്തിന് പ്രേരിപ്പിച്ചത്. വാഴക്കാട്ടെ ഹയാത്ത് സെന്റർ കേന്ദ്രീകരിച്ചാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത്. തീരുമാനത്തിൻ്റെ ഭാഗമായി ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയിൽനിന്നു മാത്രമാക്കുകയാണ് ചെയ്യുന്നത്. മറ്റു പള്ളികളിൽ അതതു സമയത്ത് പള്ളിക്കകത്തെ കാബിനിൽ ബാങ്ക് കൊടുക്കുകയും ചെയ്യുമശന്നും പള്ളികമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. 

 ബാങ്ക് അല്ലാത്ത കാര്യങ്ങൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കാതിരിക്കുക, ബാങ്ക് സമയം ഏകീകരിച്ച് പുതിയ കലണ്ടർ പുറത്തിറക്കുക തുടങ്ങിയ തീരുമാനങ്ങളും യോഗത്തിൽ എടുത്തിരുന്നു. 

വർഷങ്ങളായി ഇത്തരമൊരു ആവശ്യം മുസ്ലീം സമുദായത്തിനുള്ളിൽത്തന്നെ ഉയർന്നു വന്നിരുന്നു. ഈ തീരുമാനം നടപ്പിലാക്കുന്നതിൻ്റെ ആദ്യഘട്ടമായി ബാങ്ക് സമയം ഏകീകരിക്കാൻ അഞ്ചംഗ സമിതിയെയും നിയോഗിച്ചു. ഈ സമിതി വിവിധ സംഘടനകളിലെ പണ്ഡിതരുമായി ചർച്ചചെയ്താണ് ഒരുവർഷത്തേക്കുള്ള ഏകീകരിച്ച ബാങ്ക് സമയ കലണ്ടർ തയ്യാറാക്കിയത്. ഈ കലണ്ടർ അനുസരിച്ച് ഒരേസമയത്താണ് ഇപ്പോൾ ഇവിടെ ബാങ്കുവിളി നടക്കുന്നതും.