സംഗീത മാന്ത്രികൻ 28 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക്

single-img
12 February 2020

‘കാതൽ റോജാവേ’ പാട്ട് ഒരു തവണ പോലും മൂളിയിട്ടില്ലാത്ത സിനിമാ പ്രേമികൾ ഉണ്ടാകില്ല. ഇനി ഉണ്ടെന്ന് പറഞ്ഞാൽ അരശുമ്മൂട്ടിൽ അപ്പുക്കുട്ടന്റെയും തൈപ്പറമ്പിൽ അശോകന്റെയും കഥപറഞ്ഞ യോദ്ധയിലെ ‘പടകാളി ചണ്ടി ചങ്ങരി’ പാടി നോക്കാത്ത മലയാളികൾ ആരുമുണ്ടാകില്ല എന്ന് തന്നെ പറയും. മലയാളികൾ എറ്റു പാടിയ യോദ്ധയിലെ സംഗീത സംവിധായകൻ മലയാളത്തിലേക്ക് മടങ്ങി വരുന്നതായാണ് വാർത്തകൾ. നീണ്ട 28 വർഷങ്ങൾക്ക് ശേഷമാണ് മ്യൂസിക് മൊസാര്‍ട്ട് എ.ആര്‍.റഹ്മാന്‍ മലയാള സിനിമയിലേക്കു മടങ്ങിയെത്തുന്നത്.

ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനായാണ് എ.ആര്‍.റഹ്മാന്‍ സംഗീതമൊരുക്കുന്നത്. നിര്‍മാണം പുരോഗമിക്കുന്ന ബ്ലസിയുടെ ആടുജീവിതത്തിലുണ്ടാകുമെന്ന് ചെന്നൈയില്‍ ഒരു സ്വകാര്യ പരിപാടിക്കെത്തിയ റഹ്മാന്‍ തന്നെയാണ് വ്യക്തമാക്കിയത്.

ബന്യാമന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ബ്ലസി ഇതേ പേരില്‍ സിനിമയെടുക്കുന്നത്. നേരത്തെ നോവലിലെ നജീബായി വെള്ളിത്തിരയിലെത്തുന്ന നടന്‍ പ്രിഥിരാജ് കഥാപാത്രത്തിനായി തടി കുറയ്ക്കാന്‍ തുടങ്ങിയെന്ന വാർത്തയും പ്രേക്ഷകർ ആശ്ചര്യത്തോടെയാണ് കേട്ടിരുന്നത്.