തിരുമല മാതൃകയില്‍ ക്ഷേത്ര നിർമ്മാണം; ജമ്മു കാശ്മീരിൽ 100 ഏക്കര്‍ ഭൂമി നല്‍കും

single-img
12 February 2020

ജമ്മു കാശ്മീരിലെ ജമ്മു കത്ര പാതയില്‍ ജമ്മു ജില്ലയിൽ തിരുമല മാതൃകയില്‍ ക്ഷേത്രം നിർമ്മിക്കാനായി 100 ഏക്കര്‍ ഭൂമി നൽകാൻ തീരുമാനം. നിർമ്മാണത്തിനുള്ള സ്ഥലം അനുവദിക്കാന്‍ ജമ്മു കശ്മീര്‍ ഭരണാധികാരികളുമായി ധാരണയായെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നുമാണ് ദേശീയ മാധ്യമമായ ഹിന്ദു എഴുതുന്നത്.

ക്ഷേത്രത്തിനോടൊപ്പം തന്നെ വേദം അഭ്യസിക്കാനുള്ള വിദ്യാലയവും ആശുപത്രിയും നിര്‍മ്മിക്കും. തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡിന്റെ നേതൃത്വത്തിലായിരിക്കും ക്ഷേത്രം നിര്‍മ്മിക്കുക. ജമ്മുവിന്റെ പരിധിയിൽ വരുന്ന ധുമ്മി, മജിന്‍ എന്നീ സ്ഥലങ്ങളാണ് നിലവില്‍ ക്ഷേത്രത്തിനായി കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്ര നിർമ്മാണ ചര്‍ച്ചകള്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗമോഹന്‍ റെഡ്ഢിയുടെ നിര്‍ദേശപ്രകാരം പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് പറയുന്നു.

തിരുമലയിലേക്ക് സന്ദർശനം നടത്തുന്ന ഉത്തരേന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ നിരന്തരമായ ആവശ്യപ്രകാരമാണ് ക്ഷേത്ര നിര്‍മ്മാണത്തിനുള്ള നീക്കമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം വക്താവും പാര്‍ലമെന്‍റ് അംഗവുമായ വി വിജയ് സായ് റെഡ്ഢി അറിയിച്ചു. പ്രദേശത്തെ വൈഷ്ണോ ദേവി ക്ഷേത്ര പാതയിലാണ് തിരുമല ക്ഷേത്രവും നിര്‍മ്മിക്കുക. സുരക്ഷിതത്വം, സന്ദർശകർക്ക് എത്തിച്ചേരാനുള്ള സൗകര്യം, ജല ലഭ്യത എന്നിവ കണക്കിലെടുത്ത ശേഷം സ്ഥലത്തിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമാകും.