സംസ്ഥാനത്ത് കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കാന്‍ സർക്കാർ തീരുമാനം; വിജ്ഞാപനം ഉടനിറങ്ങും

single-img
12 February 2020

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍പന നടത്തുന്ന കുപ്പിവെള്ളത്തിന്റ വില 13 രൂപയായി കുറക്കാൻ സർക്കാർ തീരുമാനം. വിവിധ കോണുകളിൽ നിന്നുയർന്ന എതിർപ്പുകളെ മറികടന്നാണ് കുപ്പിവെള്ളത്തിന്റെ വില സംസ്ഥാന സർക്കാർ 13 രൂപയായി കുറച്ചത്.അവശ്യസാധന വില നിയന്ത്രണനിയമത്തിന്റ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് വില നിശ്ചയിച്ചത്.ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. വിജ്ഞാപനം ഉടനിറങ്ങും.

പുതുക്കിയ വിലയ്ക്ക് പുറമെ, ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ്) നിർദേശിക്കുന്ന ഗുണനിലവാരം നിർബന്ധമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.ഈ വ്യവസ്ഥ അനുസരിച്ചു സംസ്ഥാനത്ത് 220 പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതോടെ അനധികൃത കമ്പനികൾ പൂട്ടിപ്പോകുമെന്നാണ് കരുതുന്നത്.

നേരത്തെ കുപ്പിവെള്ള കമ്പനികൾ മന്ത്രി പി തിലോത്തമനുമായി നടത്തിയ യോഗത്തിൽ കുപ്പിവെള്ളത്തിന് 12 രൂപ ഈടാക്കി വില്‍ക്കുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇത് നടപ്പാക്കപ്പെട്ടിരുന്നില്ല.കുപ്പിവെള്ളം വില കുറച്ച് വില്‍ക്കാന്‍ കഴിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കം നിലപാടെടുത്തിരുന്നു. 20 രൂപയാണ് ഇപ്പോൾ പൊതുവിപണിയിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില.