അന്നും പുജ്യം ഇന്നും പുജ്യം; തോറ്റത് ഞങ്ങളല്ല, ബിജെപിയാണെന്ന് കോൺഗ്രസ്

single-img
12 February 2020

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ വിചിത്രവാദവുമായി കോൺഗ്രസ് രംഗത്ത്. തോറ്റത് ഞങ്ങളല്ലെന്നും യഥാര്‍ത്ഥത്തില്‍ ബിജെപിയാണ് തോറ്റതെന്നും കോണ്‍ഗ്രസ് നേതാവ് സാധു സിങ് ധരംസോട്ട് പറഞ്ഞു. 2015 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റ് പോലും ലഭിച്ചില്ല. ഇത്തവണയും അങ്ങനെ തന്നെ. അങ്ങനെ നോക്കിയാല്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയാണ് പരാജയപ്പെട്ടതെന്നും പഞ്ചാബിലെ ക്യാബിനറ്റ് മന്ത്രി കൂടിയായ സാധു സിങ് വ്യക്തമാക്കി. 

‘നേരത്തെ ഞങ്ങള്‍ക്ക് പൂജ്യമായിരുന്നു. ഇപ്പോഴും പൂജ്യമാണ്.അതുകൊണ്ട് ഇത് ഞങ്ങളുടെ തോല്‍വി അല്ല. ഇത് ബിജെപിയുടെ പരാജയമാണ്’- സാധു സിങ് മാധ്യമങ്ങളോട് പറഞ്ഞു. 

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ക്യാബിനറ്റ് മന്ത്രിയുടെ പ്രതികരണം. അതേസമയം, വിദ്വേഷത്തിനും വൃത്തിക്കെട്ട രാഷ്ട്രീയത്തിനും എതിരെയുളള ജനവിധിയാണ് ഡല്‍ഹിയിലേതെന്ന് പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവായ ഹര്‍പാല്‍ സിങ് ചീമ പറഞ്ഞു. ആംആദ്മി സര്‍ക്കാരിന്റെ വികസന അജന്‍ഡയ്ക്ക് അനുകൂലമായ ജനവിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. 117 സീറ്റുകളുളള പഞ്ചാബ് നിയമസഭയില്‍ 19 സീറ്റുകളുളള ആംആദ്മി പാര്‍ട്ടിയാണ് രണ്ടാമത്തെ വലിയ കക്ഷി.