കേരളത്തിന്റെ പത്മ അവാർഡ് പട്ടിക പൂര്‍ണമായി തള്ളി കേന്ദ്രസര്‍ക്കാര്‍

single-img
12 February 2020

ഡൽഹി: കേരളം പത്മപുരസ്കാരത്തിനായി നല്‍കിയ പട്ടി പൂര്‍ണമായി തള്ളി കേന്ദ്രസര്‍ക്കാര്‍. പട്ടികയില്‍ നിന്ന് ഒരാളെപ്പോലും പരിഗണിച്ചില്ലെന്നാണ് റിപ്പോര്ട്ട് .ത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്കാരങ്ങൾക്കായി സംസ്ഥാന സർക്കാർ 56 പേരുടെ പട്ടികയാണ് അയച്ചത്.പത്മവിഭൂഷണു വേണ്ടി എം.ടി. വാസുദേവൻ നായരെയാണ് ശുപാർശ ചെയ്തത്.അഭിനേതാക്കളായ മമ്മൂട്ടി, മധു, ശോഭന കഥകളി നടന്‍ കലാമണ്ഡലം ഗോപി, എഴുത്തുകാരി സുഗതകുമാരി, ചെണ്ട വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി, വാദ്യകലാകാരന്‍ പെരുവനം കുട്ടന്‍ മാരാര്‍ എന്നിവരെ പത്മഭൂഷന്‍ പുരസ്കാരത്തിന് ശുപാർശ ചെയ്തു. പത്മശ്രീ പുരസ്കാരത്തിനായി സൂര്യ കൃഷ്ണമൂര്‍ത്തി, പണ്ഡിറ്റ് രമേശ് നാരായണ്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കെപിഎസി ലളിത, നെടുമുടി വേണു, പി ജയചന്ദ്രന്‍, എംഎന്‍ കാരശേരി, ഐഎം വിജയന്‍ തുടങ്ങിയവരുടെ പേരാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.

ഈ പട്ടിക പൂർണമായും തള്ളിയ കേന്ദ്രസർക്കാർ ആത്മീയാചാര്യൻ ശ്രീ. എം (എം. മുംതാസ് അലി), അന്തരിച്ച നിയമപണ്ഡിതൻ പ്രഫ. എൻ.ആർ.മാധവമേനോൻ എന്നിവർക്ക് പത്മഭൂഷൺ നൽകി. സാമൂഹിക പ്രവർത്തകൻ എം.കെ.കുഞ്ഞോൾ, ശാസ്ത്രജ്ഞൻ കെ.എസ്. മണിലാൽ, എഴുത്തുകാരൻ എൻ. ചന്ദ്രശേഖരൻ നായർ, നോക്കുവിദ്യ പാവകളി കലാകാരി എം.എസ്.പങ്കജാക്ഷി എന്നിവർക്ക് പത്മശ്രീയും സമ്മാനിച്ചു.

ഭാരതരത്‌ന കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ ബഹുമതിയാണ് പത്മവിഭൂഷൺ. സംസ്ഥാനങ്ങളിൽനിന്നു ലഭിക്കുന്ന ശുപാർശകൾ പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാർഡ് കമ്മിറ്റിയാണ് പരിഗണിക്കുന്നത്.