പുനര്‍വിന്യാസത്തിനെതിരെ പ്രതിഷേധം; പി എസ് സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ പ്രക്ഷോഭത്തിലേക്ക്

single-img
12 February 2020

തിരുവനന്തപുരം: പിഎസ് സി നിയമനങ്ങളില്‍ ആശങ്കയറിയിച്ച് ഉദ്യോഗാര്‍ഥികള്‍. സംസ്ഥാന ബജറ്റില്‍ പുനര്‍വിന്യാസം എന്ന പ്രഖ്യാപനം വന്നതോടെയാണ് ഇവര്‍ ആശങ്കയിലായത്‌. നാല്‍പതിനായിരത്തിലേറെ വരുന്ന ഉദ്യോഗാര്‍ഥികളാണ് സമരത്തിനൊരുങ്ങുന്നത്. പുനര്‍വിന്യാസമെന്ന നിയമന നിരോധനം പിന്‍വലിക്കുക, പുതിയ തസ്തികകള്‍ സൃഷ്ടിക്കുക, നിയമനങ്ങളിലെ കുറവ് സര്‍ക്കാര്‍ തിരിച്ചറിയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായെത്തുന്നത്.

ചെലവ് ചുരുക്കലിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കണമെന്നാണ് സംസ്ഥാന ബജറ്റിലെ നിര്‍ദേശം. ഇത് തൊഴില്‍ രഹിതരോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. പിഎസ് സി പ്രസിദ്ധീകരിച്ച ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് റാങ്ക് പട്ടികയില്‍ 46000 പേരാണ് ഉള്‍പ്പെട്ടിരുന്നത്. ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ നിയമനം നല്‍കിയത് മൂവായിരം പേര്‍ക്ക് മാത്രം. അവസരത്തിനായി കാത്തിരിക്കുന്നവരാണ് ബജറ്റ് പ്രഖ്യാപനത്തോടെ ആശങ്കയിലായത്. ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ്് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.