വോട്ട് ചെയ്യുമ്പോഴുള്ള പ്രകമ്പനം ഷഹീന്‍ ബാഗ് അറിയണമെന്ന് അമിത്ഷാ; വോട്ടെണ്ണിയ പ്രകമ്പനമറിഞ്ഞത് രാജ്യം മുഴുവൻ

single-img
12 February 2020

ഡൽഹിയിൽ ആംആദ്മിയുടെ ചരിത്രവിജയത്തിനു പിന്നാലെ സമുഹമാധ്യമങ്ങൾ ഏറെ ചർച്ചചെയ്യുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയാണ്. വോട്ടിംഗ് മെഷീനില്‍ ബട്ടണമര്‍ത്തുമ്പോള്‍ അതിന്‍റെ പ്രകമ്പനം ഷഹീന്‍ ബാഗില്‍ അറിയണം എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്ക് ഏറെ വിവാദങ്ങളും ചര്‍ച്ചകളും ഉയര്‍ത്തിയിരുന്നു.

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പരിക്കേല്‍പ്പിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിഷേധക്കാര്‍ക്ക് ബിരിയാണി വിളമ്പുകയാണ് അരവിന്ദ് കേജ്രിവാള്‍ എന്ന് യോഗി ആദിത്യനാഥും ആരോപിച്ചിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേജ്രിവാള്‍ സ്വീകരിക്കുന്നത് എന്ന പ്രചാരണവും ബി.ജെ.പി നടത്തിയിരുന്നു.

അതേസമയം, വോട്ടെണ്ണലിൽ വന്‍ ഭൂരിപക്ഷത്തോടെ ഷഹീൻബാഗിലെ ഒഖ്​ല മണ്ഡലത്തിൽ ആം ആദ്മിയുടെ അമാനുത്തുള്ള ഖാൻ വിജയിക്കുകയും ചെയ്തു. പൗരത്വനിയമത്തിനെതിരെ ഷാഹീൻബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.