ഇങ്ങനെ വാരിക്കോരിക്കൊടുക്കാൻ ഡൽഹി സർക്കാരിന് എവിടുന്ന് പണം? ഉത്തരം സിംപിളാണ്

single-img
12 February 2020

ഡൽഹിയിലെ ആംആദ്മി സർക്കാർ രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് ഒരത്ഭുതമാണ്. കോടികളുടെ വികസന പദ്ധതികൾ നടപ്പിലാക്കുന്നു മാത്രമല്ല  ജനങ്ങൾക്ക് വാരിക്കോരി സൗജന്യങ്ങൾ നൽകുന്നു എന്നിങ്ങനെ പോകുന്നു ആ ആത്ഭുതത്തിന് കാരണങ്ങൾ. സ്വാഭാവികമായും ഈ വഴിയിൽ ഭരണനേട്ടമുണ്ടാക്കാൻ ഡൽഹി സർക്കാരിന് എവിടുന്നാണ് ഇത്രയും പണമെന്ന സംശയവും ഉയരും. എന്നാൽ ഈ ചോദ്യത്തിന് ഉത്തരം ലളിതമാണ്.  രാജ്യത്ത് ധനക്കമ്മി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് ഡൽഹി എന്നുള്ളതു തന്നെയാണ് പ്രധാന ഉത്തരം. 

പ്രത്യേകപദവിയുള്ള സംസ്ഥാനമെന്നതിൻ്റെ ആനുകൂല്യങ്ങൾ വേറെയും. ക്രമസമാധാനമുൾപ്പെടെ പണച്ചെലവുള്ള പലവകുപ്പുകളും കേന്ദ്രത്തിൻ്റെ കൈയിലായതിനാലുള്ള സാമ്പത്തികലാഭം വേറെയുണ്ടെന്നുള്ളത് മറ്റൊരു വസ്തുതയും. 

അപ്പോൾ ചോദ്യം മറ്റൊന്നാകും. ഇത്രയും കാലം ഡൽഹി ജനതയ്ക്ക് ഈ സൗജന്യങ്ങളൊന്നും ലഭിച്ചില്ലല്ലോ. സംസ്ഥാനത്ത് ഇത്രയും സൗകര്യമുണ്ടായിട്ടും ഇത്രയേറെ സൗജന്യങ്ങളും സബ്‌സിഡികളും നൽകിത്തുടങ്ങിയത് ഏഴുവർഷംമുമ്പ്‌ അധികാരത്തിൽ വന്ന എഎപി സർക്കാരാണ്. എന്തുകൊണ്ടാണത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി കെജ്രിവാളിൻ്റെ പക്കൽ ഉത്തരമുണ്ട്.  “ഡൽഹിക്ക് ആവശ്യത്തിന് പണമുണ്ട്. അഴിമതിയില്ലാതെ ഭരിച്ചാൽമാത്രം മതി´´- എന്ന വളരെ ലളിതമായ ഉത്തരം.

ഏറ്റെടുക്കുന്ന വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതുവഴി പണംലാഭിക്കാമെന്ന് എഎപി സർക്കാർ പറയുന്നു. മുൻ സർക്കാർ തുടങ്ങിവെച്ച് നീണ്ടുപോയ സിഗ്നേച്ചർ പാലം ഉൾപ്പെടെയുള്ള വൻ പദ്ധതികൾ നേരത്തേ നിശ്ചയിച്ചതിനെക്കാൾ കുറഞ്ഞ തുകയ്ക്ക് പണിതീർത്ത ചരിത്രവും ചൂണ്ടിക്കാട്ടിയാണ് ആംആദ്മി ഇക്കാര്യം വ്യക്തമാക്കുന്നത്. 

എഎപി സർക്കാർ കഴിഞ്ഞ വർഷം അവതരിപ്പിച്ചത് അറുപതിനായിരം കോടിയുടെ വരുമാനവും ചെലവും കാണിക്കുന്ന ബജറ്റാണ്. ആകെ വരുമാനമായ 60,000 കോടിയിൽ 42,500 കോടിയും നികുതിവരുമാനമാണെന്നുള്ളത് മറ്റൊരു കാര്യം. അതിൽത്തന്നെ 29,000 കോടിയും ജി.എസ്.ടി./വാറ്റ് നികുതിയിൽനിന്നാണ്. കൂടാതെ എക്‌സൈസ്, സ്റ്റാമ്പ്, രജിസ്‌ട്രേഷൻ ഫീസ്, മോട്ടോർവാഹന നികുതി എന്നിവയുമുണ്ട്. നികുതി റെയ്ഡുകളുടെപേരിൽ ഉദ്യോഗസ്ഥർ നടത്തുന്ന ‘പണപ്പിരിവ്’ കുറച്ചുകൊണ്ട് സ്വമേധയാ നികുതി നൽകാൻ വ്യാപാരികളെ പ്രേരിപ്പിച്ചതുവഴിയുള്ള സാമ്പത്തിക ലാഭവും സർക്കാർ ഉയർത്തിക്കാട്ടുന്നുണ്ട്. 

വരവ് ഇത്രയൊക്കെ ആയിരിക്കേ ചെലവിൻ്റെ കാര്യമെടുക്കാം. സർക്കാർ കൂടുതൽ പണം ചെലവിടുന്നത് വിദ്യാഭ്യാസത്തിനാണ്. ബജറ്റിൻ്റെ 29 ശതമാനം വിദ്യാഭ്യാസത്തിന് നീക്കിവെക്കുന്നുണ്ട്. ഇതുമൂലം പുതിയ സ്‌കൂളുകൾ നിർമിക്കൽ, അവയുടെ അറ്റകുറ്റപ്പണികൾ, ആധുനികീകരണം, അധ്യാപകരെ വിദേശത്തയച്ച് പരിശീലിപ്പിക്കൽ തുടങ്ങിയവയ്ക്ക് സർക്കാരിന് പ്രയാസം നേരിടുന്നില്ല. ആരോഗ്യവും നഗരവികസനവും ഗതാഗതവുമാണ് അടുത്ത ചെലവുകൾ. ഇവ മൂന്നിനും 14 ശതമാനംവീതം വകയിരുത്തിയിട്ടുണ്ട്. സാമൂഹികക്ഷേമത്തിന് 13 ശതമാനം, കുടിവെള്ളം, ജലസേചനം എന്നിവയ്ക്ക് ഒൻപത് ശതമാനവും നീക്കിവെക്കുമ്പോൾ സംസ്ഥാന ഭരണം നസഗുമമാകുമെന്നു സാരം.