തിരിച്ചടിക്ക് കാരണം പാര്‍ട്ടിതന്നെ; ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നിര്‍ജ്ജീവമെന്ന് സന്ദീപ് ദീക്ഷിത്

single-img
11 February 2020

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ പരാജയമാണ് ചര്‍ച്ചയാകുന്നത്. 58 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും 12 സീറ്റുകളില്‍ ബിജെപിയും മുന്നിട്ടു നില്‍ക്കുമ്പോള്‍ ഒരിടത്തു പോലും ലീഡ് നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.

മോശം പ്രകടനമാണ് കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനുംകോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിത് പറഞ്ഞു. ഡല്‍ഹിയില്‍ കഴിഞ്ഞ ആറു മാസമായി കോണ്‍ഗ്രസ് നിര്‍ജ്ജീവമാണെന്നും സന്ദീപ് അരോപിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ചുമതലകളിലും ഉദാസീനത പ്രകടമാണ്. പാര്‍ട്ടിക്ക് നേരിടുന്ന പരാജയത്തിന് രണ്ടോ മൂന്നോ പേര്‍ നേരിട്ട് ഉത്തരവാദികളാണ്.പരസ്പരം പഴിചാരേണ്ട, പരാജയത്തെ ക്കുറിച്ച് നാളെ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു. നേതാക്കളും എഐസിസി ഭാരവാഹികളും ചേര്‍ന്ന് തന്റെ അമ്മ ഷീലാ ദീക്ഷിതിനെ അടക്കം കളിയാക്കുകയാണന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.