ഒമര്‍ അബ്ദുള്ളയുടെ മോചനം: സഹോദരിയുടെ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും

single-img
11 February 2020

ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി നാളെ പരിഗണിക്കും. എന്‍വി രമണ അധ്യക്ഷനായിട്ടുള്ള ബെഞ്ചാണ് ഹരജി പരിഗണിക്കുക.

കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിന് തടവിലാക്കപ്പെടുകയും ആറ് മാസമായി തടങ്കലില്‍ തുടരുകയും ചെയ്യുന്ന ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് മേല്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പബ്ലിക് സേഫ്റ്റി ആക്ട് ചുമത്തിയിരുന്നു. വ്യക്തികളെ വിചാരണയില്ലാതെ രണ്ട് വര്‍ഷം വരെ തടവില്‍ വയ്ക്കാന്‍ വ്യവസ്ഥയുള്ള നിയമമാണിത്.

കാരാഗൃഹവാസം അനന്തമായി തുടരുന്ന സാഹചര്യത്തിലാണ് സാറാ അബ്ദുള്ള പൈലറ്റ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചത് നിയമവിരുദ്ധമാണെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 , 21 , 22 എന്നിവയുടെ ലംഘനവും ഗുരുതരമായ മനുഷ്യാവകാശ ലംഘനവുമാണെന്ന് സാറാ ഹരജയില്‍ പറയുന്നു.

തടങ്കലില്‍ വെക്കാനുള്ള കാരണമെന്താണെന്ന് പോലും സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് അറസ്റ്റെന്നും ഹരജില്‍ സാറ ആരോപിക്കുന്നു. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് കോടതിയില്‍ ഹാജരാവുന്നത്.