‘ഇന്ന് അത്താഴത്തിന് ബിരിയാണി കഴിച്ചാലോ?’ തോല്‍വിയില്‍ ബിജെപിയെ പരിഹസിച്ച് അനുരാഗ് കശ്യപ്

single-img
11 February 2020

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിയോട് വന്‍ പരാജയം ഏറ്റുവാങ്ങിയ ബിജെപിയെ പരിഹസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്.

‘നമുക്ക് ഇന്ന് അത്താഴത്തിന് വയറ് നിറയെ ബിരിയാണി കഴിച്ചാലോ? നിങ്ങള്‍ എന്ത് പറയുന്നു?’ അനുഭവ് സിന്‍ഹയേയും മെഹ്ത ഹന്‍സലിനെയും ടാഗ് ചെയ്ത് അനുരാഗ് കശ്യപ് ട്വിറ്ററില്‍ ചോദിക്കുന്നു.

ദല്‍ഹിയില്‍ അടിയന്തര പ്രാധാന്യമുള്ള പ്രശ്‌നങ്ങളിലൊന്നും ഇടപെടാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ക്ക് ബിരിയാണി വിളമ്പുകയാണെന്ന് ദല്‍ഹിയില്‍ ബിജെപി പ്രചരണത്തിനെത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആരോപിച്ചിരുന്നു. വര്‍ഗ്ഗീയത വിളമ്പിയിട്ടും തോറ്റമ്പിയ ബിജെപിയുടെ ‘ബിരിയാണി’ പരാമര്‍ശത്തെ പരിഹസിച്ചാണ് അനുരാഗ് കശ്യപ് ട്വിറ്ററില്‍ പ്രതികരണവുമായി എത്തിയത്.

ബിജെപി കടുത്ത വര്‍ഗ്ഗീയ ദ്രുവീകരണത്തിന് ശ്രമിച്ച ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തിലാണ് ആം ആദ്മി പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിക്കാനായത്. ആകെ പോള്‍ ചെയ്തതിന്റെ 82 ശതമാനത്തിലേറെ വോട്ട് നേടിയാണ് ഓഖ്‌ല മണ്ഡലത്തില്‍ ആംആദ്മി സ്ഥാനാര്‍ത്ഥി അമാനത്തുല്ല ഖാന്‍ വിജയിച്ചത്.