രാഹുലിന് സെഞ്ച്വറി; വീണിട്ടും പതറാതെ ഇന്ത്യ

single-img
11 February 2020

മൗണ്ട് മാംഗനൂയി (ന്യൂസീലൻഡ്) : പേരുകേട്ട ഇന്ത്യൻ മുൻനിര ബാറ്റസ്മാൻമാർ വീണിട്ടും പതറാതെ ഇന്ത്യ. മധ്യനിരയുടെ കരുത്തിൽ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ശക്തമായി തിരിച്ചെത്തിയ ഇന്ത്യ ബേ ഓവലില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 296 റണ്‍സെടുത്തു. തകർപ്പൻ സെഞ്ചുറിയുമായി പടനയിച്ച ലോകേഷ് രാഹുലിന്റെയും(112) അർദ്ധ സെഞ്ച്വറി നേടി പിന്തുണ നൽകിയ ശ്രേയസ് അയ്യരുടെയും (62) അവസാന നിമിഷത്തിൽ മനീഷ് പാണ്ഡെ (42)എന്നിവരുടെയും ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ശക്തമായ നിലയിലേക്കെത്തിയത്.രാഹുല്‍ 104 പന്തില്‍ നിന്ന് തന്റെ നാലാം സെഞ്ചുറി പൂര്‍ത്തിയാക്കി.

നേരത്തെ ഓപ്പണർ മായങ്ക് അഗർവാള്‍ (മൂന്നു പന്തിൽ ഒന്ന്), ക്യാപ്റ്റൻ വിരാട് കോലി (12 പന്തിൽ ഒൻപത്), ഷാർദുൽ ഠാക്കൂർ (ആറു പന്തിൽ ഏഴ്) എന്നിവർ തുടക്കത്തിൽ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത് ഇന്ത്യയെ തളർത്തിയിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര ബാറ്റ്സ്‌മാന്‍മാരും കൂടാരം കയറി. തകർച്ചയിലേക്കു നീങ്ങിയ ഇന്ത്യയ്ക്ക് നാലാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പവും അഞ്ചാം വിക്കറ്റിൽ മനീഷ് പാണ്ഡെയ്ക്കൊപ്പവും രാഹുൽ പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടുകളാണ് കരുത്തായത്.

ബേ ഓവലില്‍ ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു.ഇന്ന് തോറ്റാല്‍ ഇന്ത്യ 3-0ന് വൈറ്റ്‌വാഷ് ചെയ്യപ്പെടും.