വിമാന യാത്രയ്ക്കിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയുടെ പണം മോഷ്ടിക്കപ്പെട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്

single-img
11 February 2020

കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയുടെ പണം വിമാന യാത്രയ്ക്കിടെ മോഷ്ടിക്കപ്പെട്ടതായി പരാതി. ഇദ്ദേഹം ബാഗിൽ സൂക്ഷിച്ചിരുന്ന മുക്കാൽ ലക്ഷം രൂപയാണ് മോഷണം പോയത്. ടിക്കാറാം മീണ നൽകിയ പരാതിയിൽ തിരുവനന്തപുരം വലിയതുറ പോലീസ് കേസെടുക്കുകയും അന്വേഷണം ആറാംവഹിക്കുകയും ചെയ്തു. ഈ മാസം ഒൻപതിനാണ് സംഭവം നടന്നത്.

രാജസ്ഥാനിലുള്ള ജയ്‌പൂരിൽ നിന്നും മടങ്ങിവരികയായിരുന്ന ഇദ്ദേഹം ദില്ലിയിലേക്കും അവിടെ നിന്ന് തിരുവനന്തപുരത്തേക്കുമായിരുന്നു എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്തത്. വസ്ത്രങ്ങൾ ഉൾപ്പെടുന്ന ബാഗിലായിരുന്നു 75000 രൂപയും സൂക്ഷിച്ചിരുന്നത്. വിമാനത്തിൽ നിന്നും ഇറങ്ങിയ മീണ, ബാഗുമായി വീട്ടിലേക്ക് പോകുകയും പിന്നീട് ബാഗ് തുറന്നപ്പോൾ ബാഗിനകത്ത് പണം കാണാതിരിക്കുകയുമായിരുന്നു.

ഇതിനെ തുടർന്നാണ് ഇദ്ദേഹം വലിയതുറ പോലീസിനെ സമീപിച്ചത്. മോഷണവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യക്കും ടിക്കാറാം മീണ പരാതി നൽകി എന്നാണ് വിവരം. എന്തായാലും നിലവിൽ മോഷ്ടാവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. അതിനായി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് തിരുവനന്തപുരം വിമാനത്താവള മാനേജർക്ക് പോലീസ് കത്ത് നൽകി.