വോട്ടെണ്ണല്‍ അവസാന ഘട്ടത്തില്‍; ഡല്‍ഹിയില്‍ ഇനിയും 55 സീറ്റുകള്‍ നേടുമെന്ന് ബിജെപി അധ്യക്ഷന്‍

single-img
11 February 2020

ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ 50 സീറ്റുകള്‍ ഉറപ്പിച്ച് മുന്നേറുകയാണ് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടി പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിലും ആത്മ വിശ്വാസം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി. ഇപ്പോഴും 55 സീറ്റുകളില്‍ വിജയിക്കുമെന്നാണ് മനോജ് തിവാരിയുടെ പ്രതികരണം. യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാനാകാത്ത അധ്യക്ഷന്റെ പ്രതികരണം കേട്ട് രാഷ്ട്രീയ നിരീക്ഷകരാകെ ഞെട്ടലിലാണ്.

കഴിഞ്ഞ വര്‍ഷത്തെ മൂന്നു സീറ്റെന്ന ദയനീയാവസ്ഥയില്‍ നിന്ന് നില മെച്ചപ്പെടുത്തിയിരിക്കുകയാണ് ബിജെപി. 20 സീറ്റുകളിലാണ് ബിജെപി ഇന്ന് മുന്നേറുന്നത്.എന്നാല്‍ ആം ആദ്മി വിജയം ഉറപ്പിക്കുന്ന ഈ സാഹചര്യത്തിലും 55 സീറ്റുകളുമായി ബിജെപി അധികാരത്തില്‍ വരുമെന്നാണ് ഡല്‍ഹി ബിജെപി അധ്യക്ഷനായ മനോജ് തിവാരി പറയുന്നത്. തന്റെ ആറാമിന്ദ്രിയം പറയുന്നത് ബിജെപി അധികാരത്തില്‍ വരുമെന്നാണെന്നും ഫലം വന്ന് കഴിഞ്ഞ് വോട്ടിംഗ് മെഷീനുകളെ കുറ്റം പറയരുതെന്നും തിവാരി നേരത്തെ പറഞ്ഞത് വിവാദമായിരുന്നു.