ഡൽഹിയിൽ കോൺഗ്രസ് തകർച്ച പൂർണ്ണം: കോൺഗ്രസിനു കുറഞ്ഞ വോട്ടുകൾ ബിജെപിക്ക് കൂടി

single-img
11 February 2020

ആംആദ്മി പാര്‍ട്ടി വൻ കുതിപ്പു നടത്തിയ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിൻ്റെ പതനം പൂര്‍ണ്ണമായി. വർഷങ്ങളോളം സംസ്ഥാനത്ത് ഭരണം നടത്തിയ കോൺഗ്രസിന് തുടര്‍ച്ചയായ രണ്ടാം വട്ടവും ഒരാളെപ്പോലെ നിയമസഭയില്‍ എത്തിക്കാനാവാതെ വന്നിരിക്കുകയാണ്. 

കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ഒരാളെപ്പോലും ജയിപ്പിക്കാനായിരുന്നില്ല. എന്നാല്‍ 9.7 ശതമാനം വോട്ടു നേടാന്‍ പാര്‍ട്ടിക്കായിരുന്നു. ആംആദ്മി കുതിപ്പു തുടര്‍ന്ന ഇക്കുറി കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം പ്രാഥമിക കണക്കുകള്‍ അനുസരിച്ച് 4.15 ശതമാനമായി താഴ്ന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

അതേസമയം കോണ്‍ഗ്രസിനു കുറഞ്ഞ വോട്ടു വിഹിതം ബിജെപിക്കു കൂടിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 32.3 ശതമാനം വോട്ടു നേടിയ ബിജെപി മൂന്നു സീറ്റാണ് കഴിഞ്ഞ തവണ നേടിയിരുന്നത്. ഇക്കുറി പതിമൂന്നു സീറ്റിലാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്. വോട്ടുവിഹിതം 39.06 ശതമാനമായി ഉയര്‍ന്നു

കഴിഞ്ഞ തവണ 67 സീറ്റു നേടിയപ്പോള്‍ 54.3 ശതമാനം ആയിരുന്നു എഎപിയുടെ വോട്ടുവിഹിതം. ഇക്കുറി സീറ്റുകള്‍ 57ലേക്കു താഴ്ന്നപ്പോള്‍ വോട്ടുവിഹിതത്തില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടായി. 53.23 ശതമാനം വോട്ടാണ് ഇത്തവണ എഎപിക്കു കിട്ടിയിട്ടുള്ളത്.