ബിജെപി ക്രിസ്ത്യാനിയെന്നും കോണ്‍ഗ്രസ് ജൂതയെന്നും വിളിച്ച ‘അതിഷി മര്‍ലെന’യെ അറിയാം

single-img
11 February 2020

ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടി ആംആദ്മി പാര്‍ട്ടി മൂന്നാം തവണയും അധികാരത്തിലെത്തുമ്പോള്‍ രാജ്യമാകെ ചര്‍ച്ചയാകുന്ന ഒരു പേര് അതിഷി മര്‍ലെനയുടേതാണ്. സംസ്ഥാനത്തെ മണ്ഡലമായ കല്‍ക്കാജിയില്‍ നിന്നും വിജയിച്ച അതിഷി ആംആദ്മി പാര്‍ട്ടിയുടെ പ്രധാന നേതാക്കളിലൊരാളാണ്. അവർ ഉപയോഗിക്കുന്ന ‘മര്‍ലെന’ എന്ന ഉപനാമം അവര്‍ രാഷ്ട്രീയത്തിലിറങ്ങിയ സമയം മുതല്‍ വലിയ ചര്‍ച്ചയായിരുന്നു. ഇത് തന്നെയായിരുന്നു പ്രധാനമായും ബിജെപിയും കോണ്‍ഗ്രസും അതിഷിക്കെതിരെ പ്രധാന ആയുധമാക്കിയത്.

മര്‍ലെന എന്നത് ഒരു ഭാരതീയമല്ലെന്ന് ആരോപിച്ച ബിജെപി അതിനെ ക്രിസ്ത്യന്‍ പേരെന്നും വ്യാഖ്യാനിച്ചു. എന്നാൽ ഇതൊരു ജൂതപ്പേരാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണ്ടെത്തല്‍. ഡൽഹി സര്‍വകലാശാലയിലെ അധ്യാപകരായ വിജയ് സിംഗിന്റെയും തൃപ്ത വാഹിയുടെയും മകളായ അതിഷിക്ക് ഇടത് പക്ഷത്തിന്റെ പ്രവര്‍ത്തകരും മിശ്രവിവാഹിതരുമായിരുന്ന മാതാപിതാക്കൾ ജാതിപ്പേരും കുടുംബപ്പേരും ഒഴിവാക്കി പകരം ചേര്‍ത്തതാണ് മര്‍ലെനയെന്ന പേര്.

ഈ പേരാവട്ടെ ഉണ്ടാക്കിയത് മാര്‍കിസ്റ്റ് സൈദ്ധാന്തികരായ മാര്‍ക്സിന്റെയും ലെനിന്റെയും പേരുകള്‍ ചേര്‍ത്തുവെച്ചും. ഇതിനിടയിൽ തന്നെ ഒരു വിദേശിയാണെന്നും ക്രിസ്ത്യനാണെന്നും പ്രചാരണം നടത്തി വോട്ട് മറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് മര്‍ലെന എന്ന ഉപനാമം അതിഷി ഉപേക്ഷിച്ചിരുന്നു.

കേവലം ഒരു പേരിന്റെ പിറകെ നടന്ന സമയം കളയാന്‍ തനിക്ക് സമയമില്ലെന്നും തന്റെ രജപുത്ര വംശത്തെ സൂചിപ്പിക്കുന്ന സിംഗ് എന്ന നാമം പോലും പണ്ടേക്കുപണ്ടേ ഉപേക്ഷിച്ചതാണെന്നും അവര്‍ പറഞ്ഞു.മാത്രമല്ല പ്രവര്‍ത്തനം നോക്കിയായിരിക്കണം ആളുകള്‍ തനിക്ക് വോട്ട് ചെയ്യേണ്ടത് എന്നും അവർ ആവശ്യപ്പെട്ടിരുന്നു.

1981ല്‍ ഡൽഹിയിൽ ജനിച്ച അതിഷി, സ്പ്രിങ് ഡെയില്‍ സ്‌ക്കൂളില്‍ നിന്ന് ഹൈസ്‌ക്കുള്‍ വിദ്യഭ്യാസവും സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും പൂര്‍ത്തിയാക്കിയ ശേഷം ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദംപൂര്‍ത്തിയാക്കി അവിടെ തന്നെ ഗവേഷകയായി പ്രവര്‍ത്തിക്കുകയായിരുന്നു. അവിടെ നിന്നും തിരികെ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം അധ്യാപനത്തോടൊപ്പം സാമൂഹ്യപ്രവര്‍ത്തനവും നടത്തിവരികയായിരുന്നു.

ഇവർ 2013 ലായിരുന്നു ആംആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. ഡൽഹിയിൽ നടന്ന നിര്‍ഭയ സംഭവത്തിലുള്‍പ്പെടെ നിരവധി പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്ന അതീഷി ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും തലസ്ഥാനത്ത സ്‌ക്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിലും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളിലുമെല്ലാം സജീവമായി പങ്ക് വഹിച്ചിട്ടുണ്ട്. അവസാനം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഗൗതം ഗംഭീറിനെതിരേയും കോണ്‍ഗ്രസിന്റെ അര്‍വിന്ദര്‍ സിംഗ് ലവ്‌ലിയോടും മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല.