നിങ്ങൾ വർഗ്ഗീയത പറയുമ്പോൾ ഞങ്ങൾ വികസനം നടത്തിക്കാട്ടും: ഡൽഹിയിൽ ബിജെപിയെ തൂത്തെറിഞ്ഞ ആംആദ്മി തന്ത്രം

single-img
11 February 2020

രാജ്യതലസ്ഥാനം വീണ്ടും ആം ആദ്മിക്ക് സ്വന്തമാകുകയാണ്. തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒന്നൊന്നായി പുറത്തു വരുമ്പോൾ ആംആദ്മിയുടെ മുന്നേറ്റം വ്യക്തമായിക്കഴിഞ്ഞു. 70 സീറ്റുകളിലേയും ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ 56 ഇടത്താണ് ആം ആദ്മി പാര്‍ട്ടി മുന്നിട്ട് നില്‍ക്കുന്നത്. എന്നാൽ,​ ചിത്രത്തിലേ കോൺഗ്രസില്ല എന്നുള്ളതാണ് ഏറെ കൗതുകകരം. വർഷങ്ങളോളം ഡൽഹിയിൽ വിജയക്കൊടി പാറിച്ചിരുന്ന കോൺഗ്രസ് ഒരു സീറ്റുപോലും നേടാനാകാതെ തകർന്നടിഞ്ഞ കാഴ്ചയ്ക്കു കൂടിയാണ് ഡൽഹി വേദിയാകുന്നത്. 

ലോക്സഭ തെരഞ്ഞെടുപ്പിലെ മൃഗീയ മുന്നേറ്റത്തിനിടയിലും ബിജെപിക്ക്എന്തുകൊണ്ട് ഡൽഹിയിൽ കാലിടറി? അതിനൊരൊറ്റ ഉത്തരം മാത്രമേയുള്ളു. ജനങ്ങൾക്കു വേണ്ടിയാണ് തൻ്റെ സർക്കാരെന്നു പ്രഖ്യാപിച്ച് ഭരണം തുടങ്ങിയ ആം ആദ്മിയും അരവിന്ദ് കെജ്രിവാളും അഞ്ചുവർഷങ്ങൾക്കിടയിൽ അതിൽ നിന്നും ഒരു തരിമ്പ് പിന്നോട്ടുപോയില്ല എന്നുള്ളതാണത്. ഡൽഹിയിലെ വികസനങ്ങളുടെ പട്ടിക എടുത്തു നോക്കിയാൽ മനസ്സിലാകും, ആംആദ്മിയുടെ വിജയത്തിനു പിന്നിലെ രഹസ്യം. 

ജനങ്ങള്‍ക്ക് മുമ്പില്‍ വച്ച വാഗ്ദാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന തന്ത്രമാണ് കേജ്രിവാള്‍ തീരുമാനിച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ എ.എ.പി പ്രവര്‍ത്തകര്‍ക്ക് ആഘോഷിക്കാന്‍ അനുമതി നല്‍കാന്‍ കേജ്രിവാളിന് സാധിച്ചതും ഒരു രാഷ്ട്രീയ തന്ത്രത്തിന്റെ വിജയമാണ്. 

ഒരു മാസം 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഡല്‍ഹി നിവാസികളില്‍ നിന്നും വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്നുള്ളത്  തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് അരവിന്ദ് കേജ്‌രിവാള്‍ നടത്തിയ പ്രഖ്യാപനമായിരുന്നു. ഈ പ്രഖ്യാപനം പാവപ്പെട്ടവരില്‍ വലിയ രീതിയിലാണ്  സ്വാധീനം ചെലുത്തിയത്. ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എംപി രമേഷ് ബിദൂരി തന്നെ ഇത് സമ്മതിച്ച് രംഗത്തെത്തിക്കഴിഞ്ഞുവെന്നുള്ളതും ശ്രദ്ധേയമാണ്. 

കഴിഞ്ഞ ആഗസ്റ്റിലാണ് 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ചാര്‍ജ് ഈടാക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രഖ്യാപിച്ചത്. ഇതിനായി വര്‍ഷം 1800 മുതല്‍ 2000 കോടി രൂപ വരെ ഊര്‍ജ സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2015 ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത് മുതല്‍ വൈദ്യുതി ബില്ലുകളില്‍ 50 ശതമാനം സബ്‌സിഡി നല്‍കുന്നുണ്ടെന്നുള്ളതും ഈ അവസരത്തിൽ ഓർക്കേണ്ട വസ്തുതയാണ്. 

സാധാരണക്കാരെ സംബന്ധിച്ച് ആംആദ്മിയുടെ മറ്റൊരു പ്രധാന വിജയകാരണമെന്നു പറയുന്നത്  പ്രചരണ വിഷയങ്ങൾ തന്നെയായിരുന്നു. വര്‍ഗീയത ബിജെപി പ്രചരിപ്പിക്കുന്നിടത്തെല്ലാം തന്റെ വികസന പദ്ധതികള്‍ മാത്രമാണ് കേജ്രിവാള്‍ മുന്നോട്ടുവച്ചത്. സിഎഎ പോലുള്ള വിവാദ വിഷയങ്ങളില്‍ പ്രതികരിക്കുന്നതില്‍ നിന്ന് അദ്ദേഹം തന്ത്രപൂര്‍വം ഒഴിഞ്ഞുമാറിയിരുന്നു.