സംവരണം അവരെ അസ്വസ്ഥപ്പെടുത്തുന്നു; ആർഎസ്എസിനെയും ബിജെപിയെയും വിമർശിച്ച് രാഹുല്‍ ഗാന്ധി

single-img
10 February 2020

സംവരണ വിരുദ്ധത എന്നത് ആര്‍എസ്എസിന്‍റെ പ്രത്യയശാസ്ത്രമാണെന്നും ബിജെപിയുടെ നയമാണ് എന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ സംവരണ വിരുദ്ധത ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും ഡിഎന്‍എയിലുണ്ട്. കാരണം സംവരണം അവരെ അസ്വസ്ഥപ്പെടുത്തുന്നു.

അതേസമയം രാജ്യത്ത് സംവരണം ഇല്ലാതാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെയും മോഹന്‍ ഭാഗവതിന്‍റെയും സ്വപ്നം നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നാണ് തനിക്ക് പിന്നാക്ക വിഭാഗക്കാരോട് പറയാനുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.സർക്കാർ വകുപ്പുകളിൽ ജോലിക്കും ഉദ്യോഗക്കയറ്റത്തിനുമുള്ള സംവരണം മൗലികാവകാശമല്ലെന്നും സംസ്ഥാനങ്ങളുടെ ബാധ്യതയല്ലെന്നും സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.

സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ് രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ കാര്യത്തിൽ ഇടത് പാര്‍ട്ടികളുടെ പിന്തുണയോടെ ലോക്സഭയില്‍ കോണ്‍ഗ്രസ് അടിയന്തരപ്രമേയം അവതരിപ്പിക്കുകയും ചെയ്തു.

നിലവിലുണ്ടായിരുന്ന സംവരണ തത്വം പാലിക്കാതെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപ്പാക്കിയ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സർക്കാർ ജോലികൾക്കും സ്ഥാനകയറ്റത്തിനും സംവരണം മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.