രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നതിന്‍റെ തെളിവാണ് ജനങ്ങള്‍ പാന്‍റ്സും ജാക്കറ്റും വാങ്ങുന്നത്: ബിജെപി എംപി

single-img
10 February 2020

രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല എന്നതിന്റെ തെളിവാണ് ജനങ്ങള്‍ പാന്‍റ്സും ജാക്കറ്റും വാങ്ങുന്നുണ്ടെന്നത് എന്ന് ബിജെപി എംപി. വിരേന്ദ്ര സിംഗ് മാസ്ത്. ഇവിടെ സാമ്പത്തിക മാന്ദ്യമുണ്ടെങ്കില്‍ കോട്ടും ജാക്കറ്റുമല്ല, ധോത്തിയും കുര്‍ത്തയുമാണ് നമ്മള്‍ ധരിക്കുക. മാത്രമല്ല, പാന്‍റ്സും ജാക്കറ്റും പൈജാമയൊന്നും വാങ്ങില്ല- എംപി പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് എംപി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ എന്നത് ഗ്രാമങ്ങളുടെ രാജ്യമാണ്. അല്ലാതെ മെട്രോ നഗരങ്ങളുടേതല്ല. ഏകദേശം ആറര ലക്ഷം ഗ്രാമങ്ങളാണ് ഇന്ത്യയില്‍ ഉള്ളത്. വളരെ കുറച്ച് മെട്രോ നഗരങ്ങളേ നമുക്കുള്ളൂ. നമ്മുടെ ഗ്രാമങ്ങളിലാണ് കൂടുതല്‍ നിക്ഷേപമെന്നത് ബാങ്കിംഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതായത് കാര്‍ഷിക രംഗം ശക്തമാണെന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ ശേഷം രാജ്യത്തെ വളര്‍ച്ചയില്‍ ഗ്രാമങ്ങളിലായിരുന്നു ഗാന്ധിയും ഹെഡ്ഗെവാറും ജയപ്രകാശ് നാരായണനും ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഗ്രാമീണരുടെ ത്യാഗമില്ലായിരുന്നെങ്കില്‍ മുഗളന്മാരില്‍ നിന്നും ബ്രിട്ടീഷുകാരില്‍ നിന്നും നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.