രാജ്യത്തെ 5000 പേരെ പിന്നിലാക്കി ഭഗവത് ഗീത ക്വിസ് മത്സരത്തില്‍ മുസ്ലീം ബാലന് ഒന്നാം സ്ഥാനം

single-img
10 February 2020

ഭഗവത് ഗീത ക്വിസ് മത്സരത്തില്‍ മുസ്ലീം കൗമാരക്കാരന്‍ ഒന്നാമത്. 5000 മത്സരാര്‍ത്ഥികളെ പിന്തളളിയാണ്  പതിനാറുകാരനായ അബ്ദുള്‍ കാഗ്‌സി വിജയിയായത്. രണ്ടു ഘട്ടങ്ങളിലായി ആറുമാസം നീണ്ട കഠിനമായ ക്വിസ് മത്സരത്തിലാണ്  സംഘാടകരെയും മറ്റു മത്സരാര്‍ത്ഥികളെയും അതിശയിപ്പിച്ച് പതിനാറുകാരന്‍ ഭഗവത് ഗീതയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി ഒന്നാമതെത്തിയത്. 

രാജസ്ഥാനിലെ ജയ്പൂരിലായിരുന്നു മത്സം അരങ്ങേറിയത്. അക്ഷയ് പാത്ര ഫൗണ്ടേഷനുമായി സഹകരിച്ച് ഹരേ കൃഷ്ണ മിഷനാണ് മത്സരം സംഘടിപ്പിച്ചത്. ഭഗവത് ഗീതയില്‍ ഒന്‍പതാം ക്ലാസുകാരന് ആഴത്തിലുള്ള അറിവാണുള്ളതെന്ന് വിധികർത്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം ലിറ്റില്‍ കൃഷ്ണ എന്ന കാര്‍ട്ടൂണ്‍ പരമ്പരയാണ് തന്നെ കൃഷ്ണനിലേക്ക് അടുപ്പിച്ചതെന്ന് അബ്ദുള്‍ കാഗ്‌സി പറഞ്ഞു.

കൃഷ്ണന്‍ എത്രമാത്രം ബുദ്ധിശാലിയാണെന്ന തിരിച്ചറിവ് ഈ പരമ്പര തനിക്കു മനസ്സിലാക്കിത്തന്നെന്നും കാഗ്സി പറയുന്നു. അനായാസമായി പ്രശ്‌നങ്ങള്‍ തീര്‍ക്കുന്ന കൃഷ്ണനില്‍ തനിക്ക് ആരാധന തോന്നിയെന്നും തുടർന്ന് കൃഷ്ണനെ കുറിച്ച് മഥുരനാഥ് എഴുതിയ പുസ്തകം വായിക്കാന്‍ തുടങ്ങിയെന്നും കാഗ്‌സി പറയുന്നു. ആത്മീയതയുടെ വിവിധ തലങ്ങളെ കുറിച്ച് മൊബൈല്‍ ഫോണ്‍ വഴിയാണ് പഠിക്കുന്നതെന്നും കാഗ്‌സി വ്യക്തമാക്കി. 

ഡക്കിങ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കാഗ്സി. ജയ്പൂരില്‍ പലചരക്ക് കട നടത്തുകയാണ് അബ്ദുള്‍ കാഗ്‌സിയുടെ പിതാവ്. വിശ്വാസവുമായി ബന്ധപ്പെട്ട് ഒരു നിയന്ത്രണവും പിതാവിൻ്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ലെന്നും കാഗ്‌സി വ്യക്തമാക്കി.  

സെപ്റ്റംബറിലാണ് ഭഗവത് ഗീത ക്വിസുമായി ബന്ധപ്പെട്ട് എഴുത്തുപരീക്ഷ നടന്നത്.തുടര്‍ന്ന് എഴുത്തുപരീക്ഷയില്‍ നിന്ന് 60 പേര്‍ അഭിമുഖത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.ഇവരെ പിന്തളളിയാണ് കാഗ്‌സി ഒന്നാമത് എത്തിയത്.