കുടുംബശ്രീ ബഡ്സ് ഫെസ്റ്റിവൽ ;കലാമാമാങ്കത്തിൽ ചിറകടിച്ചുയർന്ന് വിദ്യാർത്ഥികൾ

single-img
10 February 2020

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ കലാമാമാങ്കത്തിൽ ചിറകടിച്ചുയർന്ന് വിദ്യാർത്ഥികൾ.സംഗീത-നൃത്ത-ചിത്രരചന വിഭാഗങ്ങളിലെ 13 ഇനങ്ങളിലായി 300ഓളം മത്സരാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരച്ചത്. ജില്ലയിലെ 36 ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ മാനസിക-ശാരീരിക ഉന്മേഷത്തിനും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയെന്ന നിലയിലാണ് കഴിഞ്ഞ നാല് വർഷങ്ങളായി ബഡ്സ് കലോത്സവം നടത്തിവരുന്നത്.

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലാണ് തലസ്ഥാന നഗരിയിൽ ബഡ്സ് വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം എസ്.എം.വി ഹയർസെക്കണ്ടറി സ്കൂളാണ് ഇത്തവണ കലോത്സവ വേദിയായത്. ആറ്റിങ്ങൽ എം.എൽ.എ ശ്രീ ബി. സത്യൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. കെ.ആർ ഷൈജു, അസിസ്റ്റന്റ് ജില്ലാമിഷൻ കോ-ഓർഡിനേറ്റർമാരായ ശ്രീമതി. ഷാനിമോൾ, ശ്രീമതി. നിഷ സുകുമാരൻ സിഡിഎസ് ചെയർപേഴ്സൺമാർ എന്നിവർ സന്നിഹിതരായിരുന്നു.

മത്സരങ്ങളിൽ കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി വിളപ്പിൽ ബഡ്സ് സ്കൂൾ കിരൺ വി നായർ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് അർഹരായി. നെല്ലനാട് ബഡ്സ് സ്കൂളിനെ ഫസ്റ്റ് റണ്ണറപ്പായും തിരഞ്ഞെടുത്തു. ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികളെ സംസ്ഥാന ബഡ്സ് കലോത്സവത്തിൽ പങ്കെടുപ്പിക്കും.