സിഎഎക്കെതിരെ പ്രമേയം പാസാക്കാൻ പുതുച്ചേരി നിയമസഭ; എതിർപ്പുമായി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദി

single-img
10 February 2020

കേന്ദ്ര അധികാര പരിധിയിലുള്ള പൗരത്വ ഭേഗദതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള നീക്കത്തിനെതിരെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിക്ക് കത്തെഴുതി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദി. കേന്ദ്രനിയമം ഏതെങ്കിലും സംസ്ഥാന നിയമസഭയിൽ ചോദ്യം ചെയ്യാനോ ചർച്ച ചെയ്യാനോ കഴിയില്ലന്ന് കിരണ്‍ ബേദി കത്തില്‍ പറയുന്നു.

ഇതിന് മുൻപ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരള സര്‍ക്കാരിന്‍റെ പൗരത്വ ഭേഗദതി നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു എങ്കിലും ഗവര്‍ണറുടെ എതിര്‍പ്പ് മറികടന്ന് കേരള നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. അതിന് ശേഷം ആദ്യമായാണ് ഒരു ഗവര്‍ണര്‍ പൗരത്വ ഭേഗദതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നതിനെ വിമര്‍ശിച്ച് രംഗത്ത് വരുന്നത്.

ഈ മാസം 12 ന് നിയമസഭ സമ്മേളിക്കുമ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാനായിരുന്നു പുതുച്ചേരി സര്‍ക്കാരിന്‍റെ തീരുമാനം. നിയമസഭയിൽ പൗരത്വ ഭേഗദതി നിയമത്തിനെതിരായ ചര്‍ച്ച ഭരണഘടനാ ലംഘനമാണെന്നും പാർലമെന്റിന്റെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഈ നീക്കത്തിനെതിരെ ആവശ്യമായ നടപടിയെടുക്കാൻ മൂന്ന് എം‌എൽ‌എമാർ തനിക്ക് കത്തെഴുതിയിട്ടുണ്ടെന്നും കിരണ്‍ ബേദി വ്യക്തമാക്കി.വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ മുമ്പിലാണ്. അതിനാൽ സംസ്ഥാനം പ്രമേയം പാസാക്കുന്നത് നിയമപരമല്ലെന്നും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ പറയുന്നു.