പൗരത്വ നിയമ ഭേദഗതിക്കെതിരെ ആവശ്യത്തിന് സമരം നടന്നുകഴിഞ്ഞു, ഇനി മതിയാക്കാം: രഞ്ജന്‍ ഗൊഗോയി

single-img
10 February 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങളില്‍ പ്രതികരണവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി രഞ്ജന്‍ ഗൊഗോയി. ഇന്ന് ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ നടന്ന പരിപാടിയിലാണ് രഞ്ജന്‍ ഗൊഗോയി നിലപാട് വ്യക്തമാക്കിയത്. നിയമ ഭേദഗതി വിഷയം നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പ്രതിഷേധിക്കുന്നവർ ഒരേസമയം സമാന്തരമായ രണ്ട് വേദികള്‍ സൃഷ്ടിക്കരുത്.

നമ്മുടെ രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക എന്നതാണ് പൗരന്‍റെ ഏറ്റവും പ്രധാന മൗലിക കടമ. നിലവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ആവശ്യത്തിന് സമരം നടന്നുകഴിഞ്ഞു. എല്ലാവരും അവരവരുടെ നിലപാട് വ്യക്തമാക്കി. ഇനി ഇത് മതിയാക്കാം. അതേപോലെ തന്നെ നിങ്ങള്‍ക്ക് ഒരേസമയം കോടതിയില്‍ പോകുകയോ നിയമപോരാട്ടം നടത്തുകയോ ചെയ്യുക സാധ്യമല്ലെന്നും രഞ്ജന്‍ ഗൊഗോയി പറഞ്ഞു.

രാജ്യത്തെ നിയമ പ്രകാരം ഭരണഘടനപരമായി സുപ്രീം കോടതിയാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടത്. സിഎഎയെ സംബന്ധിച്ച് അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും മുന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതിൽ നമ്മുടെ അഭിപ്രായങ്ങള്‍ യോജിക്കണമെന്നുമില്ല. എനിക്ക് എന്‍റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ എനിക്ക് അവകാശമുണ്ട്. നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്കും അവകാശമുണ്ട്. എന്നാൽ പരിഹാരം ഭരണഘടനാ വഴിയിലൂടെ മാത്രമേ പാടുള്ളൂ.

ഇപ്പോൾ നിങ്ങള്‍ ജഡ്ജിമാരില്‍ വിശ്വാസം അര്‍പ്പിക്കുക. അവര്‍ ഭരണഘടനയിൽ പറയുന്ന പ്രകാരം തീരുമാനമെടുക്കും- രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി. രാജ്യത്ത്ആദ്യമായാണ് സിഎഎ വിഷയത്തില്‍ മുന്‍ ചീഫ് ജസ്റ്റിസ് അഭിപ്രായ പ്രകടനം നടത്തുന്നത്.