അരമണിക്കൂറിൽ 12.5 ലക്ഷം വോട്ടുകൾ; ഡൽഹി തെരഞ്ഞെടുപ്പിൽ വിവാദം പുകയുന്നു

single-img
10 February 2020

ശനിയാഴ്ച നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചത് വിവാദങ്ങളോടെയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോളിങ് ശതമാനം പുറത്തുവിടാത്തതായിരുന്നു വിവാദമായത്. ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ ആദ്യം രംഗത്തെത്തിയത് ആംആദ്മി പാർട്ടിയായിരുന്നു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. 

സാധാരണ പോളിങ് കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പോളിങ് ശതമാനം പുറത്തുവിടാറുണ്ട്. അതേസമയം ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പ്രതികരിച്ചു. വോട്ടിങ‍്‍യന്ത്രങ്ങൾ സ്ട്രോങ്ങ്‌ റൂമിലേക്ക് മാറ്റാൻ വൈകിയതിനാൽ പോളിങ് ശതമാനം കണക്ക് കൂട്ടാന്‍ വൈകിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. വിഷയം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പോളിങ് ശതമാനം പുറത്തുവിടുകയായിരുന്നു. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം 62.59 ശതമാനമാണ് ഡല്‍ഹിയിൽ പോളിങ് നടന്നിരിക്കുന്നത്. ഇത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനം കൂടുതലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബല്ലിമാരാൺ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നിരിക്കുന്നത്. 71 ശതമാനമാണ് ഇവിടുത്തെ പോളിങ്.  ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഡൽഹി കന്റോണ്‍മെന്റ് മണ്ഡലത്തിലാണ്, 45.4 % ശതമാനമാണ് ഇവിടെ പോളിങ് നടന്നിരിക്കുന്നത്. 

ശൈത്യമായതിനാല്‍ മന്ദഗതിയിലാണ് വോട്ടിങ് ആരംഭിച്ചിരുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആദ്യ മണിക്കൂറില്‍ വെറും 4.34 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 11.30 കഴിഞ്ഞതോടെ ബൂത്തുകളില്‍ തിരക്ക് അനുഭവപ്പെടുകയും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തുകയും ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 

എന്നാൽ പോളിങിൻ്റെ അവസാന സമയങ്ങളിലുണ്ടായ വർദ്ധനയാണ് വീണ്ടും വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. പോളിംഗ് ദിവസം വൈകുന്നേരം 4:30 ന് ദില്ലിയിലെ പോളിംഗ് ശതമാനം 42.7% ആയിരുന്നു. വൈകുന്നേരം 5 മണി വരെ ഇത് 1.82 ശതമാനമായി വർദ്ധിച്ച് 44.52 ശതമാനമായി മാറുകയായിരുന്നു. എന്നാൽ അതിനു ശേഷം 30 മിനിറ്റിനുള്ളിൽ 8 .43 ശതമാനം ദില്ലി വോട്ടർമാർ പോളിംഗ് സ്റ്റേഷനുകളിലെത്തി വോട്ടു ചെയ്തതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. 

ഈ കണക്കനുസരിച്ച് ഏകദേശം 12.5 ലക്ഷം പേരാണ് അരമണിക്കൂറിനുള്ളിൽ വോട്ടെടുപ്പിൽ പങ്കെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. അരമണിക്കൂറിനുള്ളിൽ ഇത്രയും ജനങ്ങൾ എങ്ജനെ വോട്ട് ചെയ്തുവെന്ന സംശയമാണ് ജനങ്ങൾ ഉയർത്തുന്നതും. ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വലിയരീതിയിലുള്ള ചർച്ചകളും നടക്കുന്നുണ്ട്.