കൊറോണ: എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത മോദിയുടെ നടപടിയെ പ്രശംസിച്ച് ചൈന

single-img
10 February 2020

കൊറോണാ വൈറസ് വ്യാപകമായി ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഐക്യദാര്‍ഢ്യവും, സഹായവും വാഗ്ദാനം ചെയ്ത് പ്രസിഡന്റ് ഷി ചിന്‍ പിങ്ങിന്‌ കത്തയച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ പ്രശംസിച്ച് ചൈന. ഈ പിന്തുണയിലൂടെ ന്യൂഡല്‍ഹിക്ക് ബെയ്ജിംഗുമായുള്ള സൗഹൃദം പ്രകടമാക്കുന്നതാണ് ഈ നടപടിയെന്ന് ചൈന പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍900ലേറെ ജീവനുകള്‍ അപഹരിച്ച് വൈറസ് മുന്നേറുന്ന സമയത്താണ് പ്രസിഡന്റിനും, ചൈനയിലെ ജനങ്ങള്‍ക്കും ഐക്യദാര്‍ഢ്യം അറിയിച്ച് പ്രധാനമന്ത്രി മോദി കത്തയച്ചത്.

‘നോവല്‍ കൊറോണാവൈറസ് ന്യൂമോണിയക്ക് (ചൈന നല്‍കിയ വൈറസിന്റെ ഔദ്യോഗിക നാമം) എതിരായ ചൈനയുടെ പോരാട്ടത്തില്‍ പിന്തുണ അറിയിച്ച ഇന്ത്യക്ക് നന്ദി’, ചൈനീസ് വിദേശകാര്യ വക്താവ് ഗെംഗ് ഷുവാംഗ് പറഞ്ഞു. പ്രകടമാക്കിയത് ഇന്ത്യയുടെ സൗമനസ്യം ചൈനയുമായുള്ള സൗഹൃദത്തിന്റെ പൂര്‍ണ്ണമായ പ്രകടനമാണ്, ഗെംഗ് വ്യക്തമാക്കി.

ചൈനയില്‍ ജനങ്ങളുടെ ജീവന്‍ നഷ്ടമാകുന്നതില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ സഹായവും വാഗ്ദാനം ചെയ്തു. അതേപോലെ തന്നെ ഹുബെയ് പ്രവിശ്യയില്‍ നിന്നും 650ഓളം ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ വഴിയൊരുക്കിയതിനും ഷിക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.