ജോലിയിലെ സംവരണം മൗലിക അവകാശമല്ലെന്ന് സുപ്രിംകോടതി

single-img
9 February 2020

ദില്ലി: ഗവണ്‍മെന്റ് ജോലിയിലെ സംവരണം മൗലിക അവകാശമല്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി. പട്ടികജാതി,പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ജോലിയിലോ പ്രമോഷനിലോ സംവരണം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഇത് സര്‍ക്കാരിന്റെ വിവേചന അധികാരത്തില്‍പ്പെടുന്ന കാര്യമാണെന്നും ജസ്റ്റില്‍ എല്‍ നാഗേശ്വര്‍റാവു അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.ഉത്തരാഖണ്ഡ് സര്‍ക്കാറിലെ പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് തസ്തികയില്‍ സ്ഥാനക്കയറ്റത്തിന് സംവരണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി.
ഭരണഘടനയുടെ പതിനാറാം അനുച്ഛേദപ്രകാരമാണ് എസ് സി, എസ്ടി വിഭാഗങ്ങള്‍ക്കു സംവരണം നല്‍കുന്നത്.

സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് ഉത്തരവു നല്‍കാന്‍ കോടതിക്കാവില്ല. സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നു സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന ആവശ്യം തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ പതിനാറം അനുച്ഛേദ പ്രകാരം എസ്.സി. എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാനും അവരുടെ അവകാശം ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ബാധ്യതയുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദവേ, കോളിന്‍ ഗോണ്‍സാല്‍വെസ് എന്നിവര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.